വിദൂരങ്ങളിലെവിടെയോ മാഞ്ഞു പോയ എന്‍റ ബാല്യത്തിനു......

11 January 2015

"സുമ.......മാപ്പ്"

മഴവെള്ളം ഒലിച്ചിറങ്ങുന്ന വിന്‍ഡോ ഗ്ലാസിലൂടെ പുറത്തേക്കു നോക്കി. ചാലക്കുടി എത്താനായി. എയര്‍പോര്‍ട്ടില്‍ നിന്നും തിരിക്കുമ്പോള്‍ തുടങ്ങിയ മഴയാണ്......തോര്‍ച്ചയില്ലാതെ പെയ്യുന്നു. പുറകിലെ സീറ്റിലിരിക്കുന്ന രവിയേട്ടന്‍ വിശേഷങ്ങള്‍ പറയുന്നുണ്ടെങ്കിലും മനസ്സ് മറ്റെവിടെയോ ആയിരുന്നു.

രാവിലെ ഗുരുവയൂര്‍ക്ക് പോകാനായി നില്‍ക്കുമ്പോഴായിരുന്നു, നാല് മണിക്കുള്ള എയര്‍ ഏഷ്യയില്‍ മലേഷ്യയില്‍ നിന്നും എത്തുന്ന രവിയേട്ടനെ വിളിക്കാനായി നെടുമ്പാശ്ശേരിയിലേക്ക് കൂടെ ചെല്ലാന്‍ പറഞ്ഞു സുനിലിന്‍റെ ഫോണ്‍ വന്നത്......പോകുമ്പോള്‍ കൊടുങ്ങല്ലൂര്‍ വഴി പോയി. എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ രവിയേട്ടന്‍ കാത്തു നില്‍ക്കുണ്ടായിരുന്നു. കണ്ടപാടെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.....

"എന്താടാ നിനക്ക് കല്യാണമൊന്നും വേണ്ടേ?....നിന്‍റെ പ്രായത്തിലുള്ളവര്‍ക്കെല്ലാം കെട്ടിച്ചയക്കുവനുള്ള .മക്കളായി ......എന്താ നിന്‍റെ പ്ലാന്‍,...?"

"വരട്ടെ.....സമയമാകട്ടെ രവിയേട്ടാ..." ലെഗേജുകള്‍ ഡിക്കിയില്‍ കയറ്റുമ്പോള്‍ ഞാന്‍ രവിയേട്ടനോട് പറഞ്ഞു. രവിയേട്ടന്‍,.... പാവം ഒരുപാട് ക്ഷീണിച്ചിരിക്കുന്നു.....വിട്ടുമാറാത്ത പ്രമേഹം. ചെന്നിഭാഗത്തെ മുടിയിഴകള്‍ക്ക് വെളുപ്പിന്‍റെ വരകള്‍ വീണിരിക്കുന്നു. കുട്ടികാലത്ത് സൈക്കിളില്‍ മുടിവെട്ടിക്കാനും മറ്റും രവിയേട്ടനായിരുന്നു കൊണ്ട് പോകാറ്. അതെല്ലാം കഴിഞ്ഞ് എത്ര വര്‍ഷങ്ങളായി.



"എടാ എനിക്ക് നന്നായി വിശക്കുന്നുണ്ട്.... ഇന്നലെ കഴിച്ചിത്തുള്ളതാണ് വല്ലതും.....ഏതെങ്കിലും നല്ല ഹോട്ടല്‍ കണ്ടാല്‍ നിര്‍ത്ത്....."

"ചാലക്കുടിയില്‍ ഒരു നല്ല ഹോട്ടല്‍ ഉണ്ട് രവിയേട്ടാ....നമുക്കവിടെ കയറാം...." ഡ്രൈവിങ്ങിനിടയില്‍ സുനില്‍ പറഞ്ഞു



ചാലക്കുടി.....സുമയുടെ നാട്!

എത്ര വന്നിരിക്കുന്നു ഞാന്‍ ഇവിടെ....സുമയുടെ കൂടെ......പലപ്പോഴും അവള്‍ അറിയാതെയും....അനിയത്തി മിനിയുടെ കൂട്ടുകാരിയായിരുന്നു അവൾ....മിനിയുടെ കൂടെ പലപ്പോഴും വീട്ടില്‍ വന്നിട്ടുണ്ട്. ഓലഞ്ഞാലികിളികള്‍ കലപിലകൂട്ടുന്നതുപോലെ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കും......നമുക്കൊന്നും മറുപടി പറയാന്‍ അവസരം തരാതെ. നന്നായി പാടുമായിരുനു അവള്‍. പാട്ട് ഒരുപാട് ഇഷ്ട്ടമായിരുന്ന അമ്മ അവളെ കൊണ്ട് പാട്ടുകള്‍ പാടിപ്പിച്ചു. അടുത്ത മുറിയിലിരുന്നു ഞാനത് കേള്‍ക്കും...എനിക്കെന്തോ വല്ലാത്ത ചമ്മലായിരുന്നു അവളുടെ മുന്നിലേക്ക്‌ ചെല്ലാന്‍...അത് പിന്നീട് ഒരിഷ്ട്ടമായി മാറി. സുമ ഡിഗ്രിക്ക് കോളേജില്‍ ചേര്‍ന്നപ്പോള്‍ ആ കോളേജില്‍ തന്നെ ഞാനും ചേര്‍ന്നു. പ്രിഡിഗ്രി ജയിചിരുന്നെങ്കിലും രണ്ടു വര്‍ഷത്തോളം ഒന്നും ചെയ്യാതെ തേരാപാര നടന്നിരുന്ന എന്‍റെ വീണ്ടുമുള്ള പഠിക്കാനുള്ള തീരുമാനം വീട്ടില്‍ എല്ലാവരെയും ഒന്നത്ഭുതപ്പെടുത്തി....



കോളേജ് വിടുമ്പോള്‍ സുമ അറിയാതെ അവള്‍ കയറുന്ന ബസില്‍ താനും കയറും. അവള്‍ ഇറങ്ങുന്ന സ്റ്റോപ്പില്‍ അവളറിയാതെ ഞാനും ഇറങ്ങും....സുമയുടെ വീടിന്റെ പടിവരെ...അവളറിയാതെ. ബസ്റ്റോപ്പില്‍ ഇറങ്ങുന്ന സുമയെ കാത്തു ഒരു കുട്ടിപട്ടാളം കാത്തു നില്‍ക്കുന്നുണ്ടാകും.



"ഹാ... സുമ ചേച്ചി വന്നെ....സുമ ചേച്ചി വന്നെ...." അവര്‍ പിന്നെ സുമയുടെ കയ്യിലിരിക്കുന്ന ബാഗ്‌ തട്ടിപറിക്കാനുള്ള മത്സരമാണ്. ബാഗ്‌ കയ്യില്‍ കിട്ടിയവന്‍ അത് തലയില്‍ വച്ച് സുമച്ചേചിക്കു സിന്ദാബാത് വിളിച്ചു മുന്നില്‍ നടക്കും.....പിന്നാലെ സുമയും ബാക്കിയുള്ളവരും......ഇതെല്ലാം മറഞ്ഞിരുന്നു കണ്ടു ഞാന്‍ ഒരു പാട് ചിരിച്ചിട്ടുണ്ട്.

സുമയുടെ അച്ഛന് ബസ്റ്റോപ്പില്‍ ഒരു കടയുണ്ടായിരുന്നു. അവള്‍ കുട്ടിപട്ടാളവുമായി പോകുന്ന പോക്കില്‍ കടയില്‍ കയറി മിട്ടായി ഭരണിയില്‍ കയ്യിട്ടു ഒരു പിടി വാരിയെടുക്കും.....എന്നിട്ട് കൂടെയുള്ളവര്‍ക്ക് വീതിച്ചു നല്‍കും..ഇതൊരു പതിവായിരുന്നു അവള്‍ക്ക്. ആ പതിവ് ശരിയാകില്ലെന്നു കണ്ട അച്ഛന്‍ പിന്നീട് തന്നെ കടയില്‍ കയറ്റാറില്ലെന്ന് ഒരിക്കല്‍ സുമ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.....



കോളേജിലെ യൂത്ത്ഫെസ്റ്റിവലിന് തിരുവാതിര കളിക്കാനായി സെറ്റുമുണ്ടും മുല്ലപ്പൂവും ചൂടി വന്ന സമയത്താണ് എന്‍റെ ഇഷ്ട്ടം സുമയോട് ആദ്യമായി പറഞ്ഞത്...

അവള്‍ അല്‍പ്പം നിമിഷം എന്‍റെ മുഖത്തേക്ക് നോക്കി നിന്നു. പിന്നീട് ഒന്നും മിണ്ടാതെ കൂട്ടുകാരികള്‍ക്കൊപ്പം നടന്നു മറഞ്ഞു.....

അവള്‍ക്കിഷ്ട്ടമായില്ലേ.....മിനിയോട്‌ പറയുമോ അവള്‍......വീട്ടില്‍ അറിഞ്ഞാല്‍.....ശ്ശെ....



പിറ്റേന്ന് കോളേജിലെ ലൈബ്രറിയില്‍ വച്ച് കണ്ടപ്പോള്‍ അവള്‍ എന്‍റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.

പ്രണയം.....! അതിന്‍റെ മനോഹാരിതയില്‍ എത്തിയ നിമിഷങ്ങള്‍.....



സ്നേഹം കൂടിയത് കൊണ്ടോ എന്തോ എന്ത് ചെറിയ കാര്യത്തിനും പരസ്പരം പിണങ്ങുമായിരുന്നു.....പരസ്പരം കാണാതെ മിണ്ടാതെ പിണങ്ങി കഴിയുന്ന ആ നിമിഷങ്ങള്‍ ഒരു വീര്‍പ്പുമുട്ടലായിരുന്നു....പിന്നീട് ഇണങ്ങുമ്പോള്‍ ഒരിക്കലും പിണങ്ങില്ല എന്ന് ശപഥം ചെയ്യുമെങ്കിലും എന്തെങ്കിലും ഒരു കാരണമുണ്ടായാല്‍ വീടും വഴക്കിട്ടു മിണ്ടാതെ നടക്കും. ശരിക്കും പറഞ്ഞാല്‍ ഒരു സ്വാര്‍ഥതയായിരുന്നു എനിക്കവളോട്...ആ സ്വാര്‍ഥത തന്നെയാണ് എനിക്കവളെ നഷ്ട്ടപ്പെടുതിയതും. ഒരിക്കല്‍ ബി.എ. ലിറ്ററേച്ചറിനു പഠിക്കുന്ന മനോജുമായി എന്തോ പറഞ്ഞു പൊട്ടിചിരിക്കുന്ന സുമയെകണ്ട് മനസ്സിന്‍റെ നിയന്ത്രണം വിട്ടു.... വഴക്ക് പറയുന്നതിന് പകരം പിന്നീട് അവളെ കാണുമ്പോള്‍ ഒഴിഞ്ഞു മാറി നടക്കാന്‍ തുടങ്ങി...അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇനിയും പിടിച്ചു നില്‍ക്കാനാവാതെ അവളുടെ മുന്നിലെത്തി..... ക്ലാസ് മുറിയില്‍ ഏകയായി മുന്നിലെ ഡെസ്ക്കില്‍ തല ചായ്ച്ചു കിടക്കുകയായിരുന്നു അവള്‍.



ശബ്ദം കേട്ട് അവള്‍ തല ഉയര്‍ത്തി എന്നെ നോക്കി. കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു. കവിളുകള്‍ അടിയേറ്റതുപോലെ തിണര്‍ത്തു കിടക്കുന്നു. തല തിരിച്ചു അവള്‍ എന്നെ നോക്കി സാവധാനം പുറത്തു പെയ്യുന്ന മഴയിലേക്ക്‌ തല തിരിച്ചു.



"സുമാ...ഞാന്‍..."

".........."

"എന്തെങ്കിലുമൊന്നു പറ സുമ....."

"എനിക്കൊന്നും പറയാനില്ല......ഇനി എനിക്ക് വയ്യ....ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ.....ഇനി ഇത് എന്‍റെ ജീവിതത്തെ ബാധിക്കാന്‍ പാടില്ല....എന്നെ കുറിച്ച് എന്‍റെ അച്ഛന് ഒരു പാട് മോഹങ്ങളുണ്ട്....ഇയാളുടെ ഈ സ്വഭാവം എന്‍റെ പഠിപ്പിനെ ബാധിക്കുകയാണ്. വീട്ടില്‍ പോലും പഴയതുപോലെ എനിക്ക് പെരുമാറാന്‍ കഴിയുന്നില്ല......എന്‍റെ മാറ്റം കണ്ടു അച്ഛന് ഒരുപാട് വിഷമമായി.....ഒടുവില്‍ ദേഷ്യം വന്നു ജീവിതത്തില്‍ ആദ്യമായി എന്നെ തല്ലി.......ഇനി ഒന്നും വേണ്ട....നമ്മള്‍ തമ്മില്‍ ഒന്നും വേണ്ടാ.....ഞാന്‍ പോകാ......"

നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ കൈകള്‍ കൊണ്ട് തുടച്ചു എഴുന്നേറ്റു പോകുന്ന സുമയെ നോക്കി ഒന്നും മിണ്ടാനാകതെ ഞാന്‍ നിന്നു......

എന്‍റെ സംശയം.....സ്വാര്‍ഥത.......എനിക്കെന്നോടു തന്നെ വെറുപ്പ്‌ തോന്നി....



പിന്നീടൊരിക്കലും സുമയെ നേരിടാന്‍ ധൈര്യം വന്നിട്ടില്ല . അതായിരുന്നു ഞങ്ങളുടെ അവസാന കൂടികാഴ്ച. മിനിയോടുപോലും ഞാന്‍ സുമയെ കുറിച്ച് അന്വേഷിച്ചില്ല. ഡിഗ്രി കഴിഞ്ഞ് ജോലിക്കായി കല്‍ക്കട്ടയിലേക്ക് പോകുമ്പോള്‍ അവളെ കാണണമെന്നുണ്ടായിരുന്നു. അതിനായി അവളുടെ വീട് വരെ വന്നതായിരുന്നു. അവിടെ എത്തിയപ്പോഴാണ് അന്ന് സുമയുടെ വിവാഹ നിശ്ചയമാണെന്നു അറിഞ്ഞത്. ബന്ധത്തിലുള്ള ഒരു പയ്യനായിരുന്നുവത്രേ ചെറുക്കന്‍. തിരിച്ചു ബസ് കയറുമ്പോള്‍ വിങ്ങുകയായിരുന്നു മനസ്സ്.



"ഡാ..... രാജീവെ, എന്ത് പറ്റിയെടാ നിനക്ക്......നീ മൂഡൗട്ടാണല്ലോ.....എന്താ കാര്യം...."?

രവിയേട്ടന്‍ എന്‍റെ ചുമലില്‍ തട്ടി ചോദിച്ചു

"അതെ...ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു...

.. എന്തു പറ്റി രാജീവേട്ടാ....."?

സുനില്‍ എന്‍റെ കണ്ണില്‍ സംശയത്തോടെ നോക്കി

"ഇല്ല.....ഒന്നുമില്ല....പഴയ എന്തൊക്കെയോ ഓര്‍മ്മകള്‍ വന്നു....'

പുറത്തു കര്‍ക്കിടത്തിലെ മഴ തിമിര്‍ത്തു പെയ്യുന്നു....

ഞങ്ങളുടെ കാര്‍ ചാലക്കുടി വിട്ടു

നെഞ്ചില്‍ എവിടെയൊക്കെയോ ചോര കിനിയുന്നു.....

"സുമ.......മാപ്പ്"