വിദൂരങ്ങളിലെവിടെയോ മാഞ്ഞു പോയ എന്‍റ ബാല്യത്തിനു......

10 December 2010

റംളാന്‍ മാസത്തിലെ ചാത്തനേറ്‌

ഒരിക്കല്‍ ഞങ്ങളുടെ നാട്ടിലും ചാത്തന്‍മാരുടെ ശല്യം ഉണ്ടായി.രാത്രി കാലങ്ങളില്‍ കല്ലും മണലും വാരിയെറിഞ്ഞ്‌ മനുഷ്യരെ പേടിപ്പിക്കുന്ന അസ്സല്‍ കുട്ടിച്ചാത്ത‍ന്‍‍മാര്‍...! ഈ ചാത്തന്‍മാര്‍ അധിവസിക്കാന്‍ കണ്ടെടുത്ത സ്ഥലം ദൂരെയൊന്നുമല്ല....കൃത്യമായ്‌ പറഞ്ഞാല്‍ എന്‍റെ വീടിനു മുന്നിലൂടെ പോകുന്ന ആറടി വീതിയുള്ള പഞ്ചായത്ത്‌ റോഡിനരികിലെ, പണ്ട്‌ പുഞ്ചയും മറ്റും കൃഷി ചെയ്തിരുന്ന എന്‍റെ വല്യുമ്മാടെ ഒരേക്കര്‍ വിസ്ത്തീര്‍ണമുള്ള പാടത്താണ്‌. ആ പാടം ഇന്ന്‌ തൂര്‍ത്ത്‌ ഏരികളാക്കി അതില്‍ തെങ്ങിന്‍ തൈകള്‍ വച്ചു പിടിപ്പിച്ചിരിക്കുന്നു. പാടത്തിന്‍റെ മദ്ധ്യത്തിലായ്‌ വലിയൊരു കുളമുണ്ട്. ആ ഭാഗത്തു നിന്നാണ്‌ ഏറ്‌ വരുന്നത്‌.
ഈ ദേശത്തെ ജുമാഅത്ത്‌ പള്ളി സ്ഥിതി ചെയ്യുന്നത്‌ കനോലി കനാല്‍ ഒഴുകുന്ന ചിറമല്‍ കടവിന്‍റെ മേക്കരയിലാണ്‌. എന്‍റെ വീടിനു മുന്നിലൂടേ പോകുന്ന പഞ്ചായത്ത്‌ റോഡ്‌ ഈ പള്ളിയുടെ മുന്നിലാണ്‌ അവസാനിക്കുന്നത്‌. റോഡിന്‍റെ വലതു വശത്ത് പള്ളിയും, നേരെ എതിര്‍വശം വടക്ക്‌ തെക്കായി ഒഴുകുന്ന കനോലി കനാലും.
ഒരു റംളാന്‍ മാസത്തിന്‍റെ തുടക്കത്തിലാണ്‌ ചാത്തന്‍മാരുടെ ശല്യം തുടങ്ങിയത്‌. ത്‌റാബിയ നിസ്‌കരിക്കാന്‍ വരുന്നവര്‍ക്കിട്ടാണ്‌ ഏറ്‌....അന്ന്‌ റോഡില്‍ ടാറിടുകയോ സ്‌ട്രീറ്റ്‌ലൈറ്റ്‌ വെക്കുകയോ ചെയ്‌തിട്ടില്ല. രാത്രിയായാല്‍ റോഡും പാടവും ഇരുട്ടിലാകും. പാടത്തിന്‍റെ മദ്ധ്യഭാഗത്തു നിന്നാണ്‌ ഏറ്‌ വരുന്നത്. ഓലപട്ടകള്‍ക്കിടയിലൂടെ ചട....പടാ, ശബ്‌ദത്തോടെ നടന്നുപോകുന്നവരുടെ സമീപത്തു എന്തൊ വന്നു വീഴും. ഒരു ഞെട്ടലോടെ കയ്യിലിരിക്കുന്ന ടോര്‍ച്ചടിച്ച്‌ നോക്കുമ്പോള്‍ ഒന്നും കാണില്ല. പരിസരം തികച്ചും ശൂന്യമായിരിക്കും! ആദ്യത്തെ ഒന്നു രണ്ടു ദിവസം ആരും ഇത്‌ കാര്യമാക്കിയില്ല. ദിവസം കൂടുന്തോറും ഏറിന്‍റെ എണ്ണവും ഏറ്‌ കൊള്ളുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു "ചാത്തനേറ്‌ തന്നെ.....ഒരു സംശയവുമില്ല" പടിഞ്ഞാറ്‌, കനാലിനപ്പുറം തിരുവത്ര ദേശത്തെ ശിവന്‍റമ്പലത്തിലെ തേര്‍വാഴ്‌ച്ച ഈ പാടത്തിന്‍റെ സമീപത്തു കൂടിയാണത്രെ പോകുന്നത്‌. അപ്പോള്‍ ഉറപ്പിച്ചു....ഇത്‌ ചാത്തനേറ്‌ തന്നെ.....ഏറ്‌ കിട്ടി പെരുമ്പറമ്പത്തെ നിസാറും, കരിമ്പൂച്ച ഇസ്‌മായിലും, ഹൃദ്രോഗിയായ ഉസ്‌മാന്‍ക്കയും ഓടി....ഓടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വന്നു. ക്രമേണ ഏറ്‌ കിട്ടിയില്ലെങ്കിലും ഓടാന്‍ തുടങ്ങി. പാടത്തിന്‍റെ തുടക്കത്തില്‍ നിന്ന്‌ തുടങ്ങുന്ന ആ ഓട്ടം പള്ളിപടിക്കലാണ്‌ അവസാനിക്കുക. ഈ ഓട്ടം കാരണം, നോമ്പ്‌ തുറന്നു കഴിക്കുന്ന ബീഫും ചിക്കനും പൊറോട്ടയും ബജ്ജിയും, ത്റാബിയ നിസ്‌കാരം കൂടാതെ തന്നെ ദഹിക്കാന്‍ തുടങ്ങി. ഏറ്‌ കിട്ടിയവരുടെ കൂട്ടത്തില്‍ എന്‍റെ ചങ്ങാതിമാരായ ഷര്‍ഫുവിനും മന്‍ഷാദിനും കിട്ടി ചാത്തന്‍ സ്‌പെഷ്യല്‍ ഒന്ന്‌ രണ്ട്‌ മുട്ടനേറ്‌....
കള്ളിമുണ്ട്‌ തുടക്കു മുകളില്‍ മടക്കി കുത്തി മന്‍ഷാദ് സംഭവം വിവരിച്ചു തന്നു. "ടാ....കെബ്യെ....ത്‌ അതന്നീടാ....ചാത്തന്‍ ! മാമുട്ടിക്കാടെ മതില്‌ കഴിഞ്ഞപ്പഴാ എനിക്കേറ്‌ കിട്ടിയത്‌...ഓലപട്ടേള്‍ക്കെടേന്ന്‌ എന്തോ ഒന്ന്‌ വന്ന്‌ വീണ്‌....ടോര്‍ച്ചടിച്ചു നോക്കുമ്പൊ ഒന്നൂല്ല...."
മെയ്‌തുണ്ണിക്കാട്‌ത്തെ ആച്ചുട്‌ത്തയും ചിറമ്മലെ വീവുത്തയും വല്യുമ്മാക്ക്‌ വന്ന്‌ റിപ്പോര്‍ട്ട് നല്‍കി...."ഐസുട്ടിത്താ....ങളെ നെലത്തീന്നാ ഏറ്‌ വരണ്‌....മോന്ത്യായാ തൊടങ്ങും....ത്‌റാബിയ നിക്കേരിക്കാന് ‍വരണോര്‌കൊക്കെ കിട്ടീന്നാ കേക്കണ്‌..."
"ന്‍റെ ആച്ചുട്ട്യേ....ഇക്കാലത്ത്‌ണ്ടാ ങനൊന്ന്‌....ന്‍റെ ചെറുപ്പള്ള കാലത്തന്നെ ങനൊന്ന്‌ കേട്ടിട്ടില്ലാ...ത്‌പ്പോ....!?" വെറ്റില ചാറ്‌ വിരലുകള്‍ക്കിടയിലൂടെ മുറ്റത്തേക്ക്‌നീട്ടി തുപ്പി വല്യുമ്മ പറഞ്ഞു.
നോമ്പ്‌ ആദ്യത്തെ രണ്ട്‌ പത്തും കഴിഞ്ഞു. നിസ്‌കരിക്കാന്‍ പോകുന്നവര്‍ കൂട്ടമായി പോകാന്‍ തുടങ്ങി. എന്നിട്ടും ചാത്തന്‍ പിന്‍മാറിയില്ല....ഏറ്‌ തന്നെ ഏറ്‌....കൂട്ടമായി പോകുന്ന ധൈര്യത്തില്‍ ഏറ് കിട്ടിയവരും തിരിച്ചെറിയാന്‍ തുടങ്ങി. പക്ഷെ അത്‌ കൂടുതല്‍ രൂക്‌ഷമാക്കുകയാണു ചെയ്‌തത്....ചാത്തന്‍ ഒന്നിനു പകരം പത്തായി തിരിച്ചെറിയാന്‍ തുടങ്ങി....കൂട്ടമായി വന്നവര്‍ ചിതറിയോടി, പള്ളി മുറ്റത്ത്‌ എത്തി ഇടുപ്പിന്‌ കയ്യും കൊടുത്ത്‌ പാടത്തെ ഇരുട്ടിലേക്ക്‌ തുറിച്ചു നോക്കി...."തെന്ത്‌ പണ്ടാറാഡാ"
പിറ്റേന്ന്‌, രാത്രി നിസ്‌കാരം കഴിഞ്ഞ്‌ ഷര്‍ഫുവും മന്‍ഷാദും വന്നപ്പോള്‍, അന്ന് പള്ളിയിലേക്ക്‌ വന്നവരെല്ലാം കൂടി പാടത്ത്‌ തിരച്ചില്‍ നടത്തിയെന്ന് പറഞ്ഞു. പാടമാകെ നോക്കിയെങ്കിലും ഒന്നും കണ്ടില്ലത്രെ. അന്ന്‌ ആര്‍ക്കും ഏറും കൊണ്ടില്ല....!അത്‌ കഴിഞ്ഞ്‌ രണ്ടാം നാള്‍ പത്രം വായിച്ചിരിക്കുമ്പോഴാണ്‌ വല്യുമ്മ വന്ന് ചാത്തന്‍മാരെ കിട്ടിയ വാര്‍ത്ത പറഞ്ഞത്‌.
"ആരാ വല്ലിമ്മാ....?"
"ആരാ.... അന്‍റെ ചങ്ങായിമാരന്നെ....എളാമാട്ത്തെ സര്‍പ്പും....തറേലെ മാമുട്ടീടെ മോന്‍ മന്‍സാദും"
"ങക്കെന്താ വല്ലിമ്മാ....അവരതൊന്നും ചെയ്യില്ല....ആരാത്‌ പറഞ്ഞ്‌?"പഠിക്കുന്ന ട്യൂട്ടോറിയത്തില്‍ ഒരു വണ്‍വേ പ്രേമം പൊളിഞ്ഞതിന്‍റെ ഹേങ്ങ്‌ഓവറില്‍ ഇരിക്കുന്ന ഷര്‍ഫു അത്‌ ചെയ്യില്ലെന്ന്‌ എനിക്ക്‌ അറിയാം....
അഞ്ച് വക്കത്തും പള്ളിയിലേക്ക്‌ പോകുന്ന മന്‍ഷാദും ഇതിന്‌ മുതിരില്ല....
"അല്ലടാ മോനേ....രാമന്‍റെ മോന്‍ ഗിരി കണ്ടതാ അവര്‌ പാടത്തൂടെ ഓടുന്നത്‌...."
"ങൊളൊന്ന്‌ മിണ്ടാതിര്‌ന്നെന്‍റെ വല്ലിമ്മാ....ആള്‍ക്കാര്‌വല്ലതും പറയുന്നത്‌ കേട്ട്‌ അതുമിതും പറയാ...."
സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയി വന്ന ഉപ്പയും പറഞ്ഞു ചാത്തന്‍മാര്‍ ആരെന്ന്‌.ഇതോടു കൂടി ഞങ്ങളുടെ വാഴപ്പുള്ളി ദേശത്തിനു താല്‍ക്കാലികമായെങ്കിലും രണ്ട്‌ ചത്തന്‍മാരെ കിട്ടി....പിന്നീട് രണ്ടാഴ്‌ച്ചകള്‍ക്ക്‌ ശേഷമാണ്‌ എന്‍റെ ചാത്തന്‍ ചങ്ങാതിമാരെ ഞാന്‍ നേരില്‍ കാണുന്നത്‌.
"ങളെന്തിനാടാ വേണ്ടാത്ത പണിക്ക്‌ നിന്നത്‌....?"
"എന്ത്‌ പണിക്ക്‌....?" ഒന്നും അറിയാത്ത പാവം പയ്യന്‍സായി അവര്‍. ഒന്നും അറിയാത്ത ഭാവത്തില്‍ അവര്‍ നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം എല്ലാം തുറന്നു പറയേണ്ടി വന്നു പാവം എന്‍റെ ചാത്തന്‍മാര്‍ക്ക്‌....
നീണ്ട വള്ളിയില്‍ ഇടത്തേതോളില്‍ തൂക്കിയിട്ടിരുന്ന ചുവന്ന sanyo ടോര്‍ച്ചില്‍ പിടിച്ച്‌, ഉടുത്തിരുന്ന കള്ളിമുണ്ട്‌ തുടക്കു മുകളില്‍ ഒന്നുകൂടി കയറ്റി കുത്തി വലത്‌ കാല്‍ അല്‍പ്പം കൂടി മുന്നോട്ട്‌ വച്ച്‌ ഒരു വേലുത്തമ്പിദളവ പോസില്‍ മന്‍ഷാദ്‌ ഷര്‍ഫുവിനു നേരെ വിരല്‍ ചൂണ്ടി....
"ഈ പഹേന്‍ കാരണാ എല്ലാം പൊളിഞ്ഞത്‌....ഞാനപ്പോഴേ പറഞ്ഞതാ അന്ന്‌ എറിയാന്‍ പോവണ്ടാ....പോവണ്ടാന്ന്‌....കേട്ടില്ലാ....അനുഭവിച്ചോ............."
ചുമ്മാ ഒരു രസത്തിന്‌ തുടങ്ങിയതാണ്‌ ഏറ്‌. ഏറ്‌ കൊണ്ട്‌ പാവം നാട്ടുകാരുടെ പരക്കം പാച്ചില്‍ കണ്ടതോടു കൂടി കക്ഷികള്‍ക്ക്‌ രസം കയറി....അണ്ണാച്ചികള്‍ മാടി ഭംഗിയാക്കിയ മാട്ടത്തുനിന്ന്‌ മണ്‍കട്ടകള്‍ കിട്ടാന്‍ ഒരു ക്ഷാമവുമുണ്ടായിരുന്നില്ല....മുന്നില്‍ വന്നു വീഴുന്ന മണ്‍കട്ടകള്‍ തകര്‍ന്ന്‌ അപ്രത്യക്ഷമാകുന്നതോടു കൂടി ചാത്തനേറ്‌ സംഗതി success....ഏറ്‌ കഴിഞ്ഞ്‌ ക്ഷീണിച്ചാല്‍ അവസാന്ത്തെ രണ്ടോ നാലോ റകഅത്ത്‌ നിസ്‌കരിക്കാന്‍ കൂടുകയും ചെയ്യും. പരിപാടി ക്ലീന്‍.....ആരും അറിയുകയുമില്ല.
ഉസ്‌മാന്‍കാക്ക്‌ കിട്ടിയ ഏറാണ് എല്ലാം കുളമാക്കിയത്‌. മണപ്പാട്‌ പറമ്പില്‍ നിന്നും ഇറങ്ങി വന്ന ടോര്‍ച്ചിന്‍റെ വെളിച്ചം കുളത്തിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ഷര്‍ഫു ഉന്നം നോക്കി ഒരേറ്‌. അര്‍ദ്ധവൃത്താകൃതിയില്‍ തിരിഞ്ഞ ടോര്‍ച്ചിന്‍റെ വെളിച്ചം ഡൃതിയില്‍ പള്ളിയിലേക്ക്‌ നീങ്ങി. പിന്നീടവര്‍ കണ്ടത്‌ ഒരു കൂട്ടം ടോര്‍ച്ചുകള്‍ പള്ളി മുറ്റത്തു നിന്നും പാടത്തേക്ക്‌ നീങ്ങി വരുന്നതാണ്‌.ചുറ്റുപാടുനിന്നും ടോര്‍ച്ചുകളുടെ എണ്ണം കൂടിയതോടു കൂടി ചാത്തന്‍മാര്‍ പടിഞ്ഞാറോട്ട്‌ ഓടാന്‍ തുടങ്ങി. കറുത്ത ചളിയിലൂടെ ഓടി മംഗലശ്ശേരി തറവാടിന്‍റെ പിന്നിലൂടെ കയറി എത്തി പെട്ടത്‌ കടത്തുകാരന്‍ ഗിരിവാസന്‍റെ മുന്നില്‍. ചെളിയില്‍ പുരണ്ട കറുത്തിരുണ്ട രൂപങ്ങളെ കണ്ട്‌ ഗിരിവാസന്‍ ഒരലര്‍ച്ചയോടെ പിന്നിലേക്കൊരു ചാട്ടം.....
"ഗിരിവാസാ ഞങ്ങളെ കണ്ടത്‌ ആരോടും പറയല്ലേ...."ഒന്നും ആലോചിക്കാതെ ഷര്‍ഫു കിതപ്പോടു കൂടി കടത്തുകാരനോടു പറഞ്ഞ്‌ പള്ളിയിലേക്ക്‌ ഓടി....പിന്നാലെ കുത്തഴിഞ്ഞ മുണ്ട്‌ കൂട്ടി പിടിച്ച്‌ മന്‍ഷാദും....ചാത്തന്‍മരെ പിടിക്കാന്‍ പോയവര്‍ തിരിച്ചെത്തി‍‍യപ്പോള്‍ ഇരുവരും ഇശ നിസ്‌കാരം കഴിഞ്ഞ്‌ സലാം വീട്ടിയിരുന്നു.
"ഞാന്‍ ശരിക്കും കണ്ടു....കറുത്ത രണ്ട്‌ സാധനം.....വാല്‌ണ്ട്‌ന്നാ തോന്നണേ....രണ്ടും പൊഴേല്‌ ചാടി തെക്കോട്ട്‌ നീന്തി പോയീ...."കരിമ്പൂച്ച ഇസ്‌മായില്‍ വിസ്‌തരിക്കുന്നത്‌ കേട്ട്‌ ഷര്‍ഫുവും മന്‍ഷാദും പരസ്‌പരം നോക്കി...
എന്തായാലും പിറ്റേന്ന് നേരം വെളുത്തത്‌ രണ്ടുപേര്‍ക്കും 'ചാത്തന്‍സ്' എന്ന സ്ഥാന പേര്‌ പട്ടം ചാര്‍ത്തി കിട്ടിയാണ്‌. ഷര്‍ഫുവിന്‍റെ വീടിന്‍റെ തെക്കേകോലായില്‍ നിന്ന്‌ മന്‍ഷാദ്‌ കടത്തുകാരനെ രൂക്ഷമായ്‌ നോക്കി എന്തോ പറഞ്ഞത്‌ ഓര്‍ത്ത്‌ ഷര്‍ഫു കുറെ ചിരിച്ചു.....
ഒരു വ്യാഴവട്ടത്തിലേറെ കാലം മുന്‍പ്‌ നടന്ന ഈ ചാത്തനേറിന്‍റെ കഥ നാട്ടുകാര്‍ മറന്നു തുടങിയെങ്കിലും വിസ്‌മരിക്കനാവാത്ത ഒരു പാട്‌ ഗതകാലസുഖസ്‌മരണകളില്‍ ഒരോര്‍മ്മയായ് അത്‌ ഞങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.....അല്‍പ്പം കുറ്റബോധത്തോടെയാണെങ്കിലും.
അബുദാബിയിലെ തിരക്കിട്ട ജീവിതത്തില്‍ നിന്ന്‌, പരസ്‌പരം വിട്ട്‌ പിരിയാത്ത ഈ പയ്യന്‍സിന്‍റെ കോളുകള്‍, എന്‍റെ മൊബൈല്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്, ഒരു റംളാനിലെ ഇരുണ്ട രാവില്‍, ചിറമ്മല്‍ റോഡിലേക്ക്‌ മണ്‍കട്ട വലിച്ചെറിയുന്ന രണ്ട്‌ ചാത്തന്‍മാരുടെ ചിത്രം ഓര്‍മകളിലെ തിരശ്ശീലയിലിരുന്ന്‌ കളിയാക്കി ചിരിക്കും..................................................................................

06 December 2010

പൂക്കാരന്‍ അപ്പുണ്ണി

"ഒരു ദേശത്തിന്‍റെ കഥ"യില്‍ മുഴുകി ഇരിക്കുമ്പോഴാണു കാപ്പിയുമായി വന്ന അമ്മ പൂക്കാരന്‍ അപ്പുണ്ണി മരിച്ച വിവരം പറഞ്ഞത്.

"ങ്....മരിച്ചൊ....എപ്പോഴാണ്‌....? എന്നു ചോദിക്കുമ്പോള്‍, മുന്നോട്ടു നന്നായി വളഞ്ഞു, തന്‍റെ നരച്ച കാലന്‍ കുട മുന്നോട്ടും പിന്നോട്ടും ഒരേ താളത്തില്‍ ആട്ടി, ഓടുന്ന വേഗത്തില്‍ നടന്നു നീങ്ങുന്ന ഒരു കുറിയ മനുഷ്യന്‍റെ രൂപമായിരുന്നു മനസ്സില്‍. പുസ്തകം അടുത്തു കിടന്നിരുന്ന ടീപോയില്‍ വച്ചു പുറത്തേക്കു നോക്കിയപ്പോള്‍, പെയ്യുന്ന മിധുനമാസ മഴയിലൂടെ, പടിഞ്ഞാറെ ചിറയില്‍ നിന്നും കുളി കഴിഞ്ഞു വാസ്വേട്ടന്‍ പോകുന്നു. പെട്ടന്നു അപ്പുണ്ണ്യേട്ടനാണോ എന്നു തോന്നി. തണുത്ത് വിറച്ചു കുനിഞ്ഞു പോകുന്നതു കൊണ്ടു തോന്നിയതാവാം. ഒരു കാലഘട്ടത്തിന്‍റെ മൂകസാക്ഷിയായ് അയാള്‍ മാത്രം ശേഷിക്കുന്നു.

"നിന്‍റെ അച്ചന്‍ ഒരു മൂകജീവിയാ...." ബസില്‍ ജോലിയുള്ള വാസ്വേട്ടന്‍റെ രവി ഒരു ദിവസം വീട്ടിലേക്കു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു.

"അച്ചന്‍റെ തരക്കാരെല്ലാം പോയില്ലെടാ....ഇനി അപ്പുണ്ണ്യേട്ടനും അച്ചനുമുണ്ട്....അവര്‌ തമ്മീ കണ്ടാ വല്യ വര്‍ത്താനാ....പഴയ ഓരോന്ന്‌ പറഞ്ഞ്....പിന്നെ ആരായിട്ടൂല്യാ...."പഴയ കാര്യങ്ങള്‍ പറയാനും ഇടക്ക്‌ ഷാപ്പില്‍ പോയി ഒന്നു വീശാനും കൂടെ ഉണ്ടായിരുന്ന അപ്പുണ്ണിയും പോയി. ഇനി......? ഇതൊക്കെയാവും ഇപ്പോള്‍ വാസ്വേട്ടന്‍റെ മനസില്‍ .

ഏലക്കയിട്ട്‌ തിളപ്പിച്ച കാപ്പി തന്ന്‌ പുറത്തു പെയ്യുന്ന മഴയിലേക്കു നോക്കി അമ്മ നെടുവീര്‍‍പ്പിട്ടു."ത്ത്രകൊക്കെള്ളൊ മന്‍ഷ്യന്‍റെ കഥ....വയസ്സായിട്ടും പണ്യെടുത്ത്‌ ജീവിച്ചിര്‌ന്നാളാ....പാവം. പാലകാട്ടേക്ക്‌ കെട്ടിച്ചയച്ച മോള്‍ടെ അട്‌ത്തേക്ക്‌ പോയതാ....പട്ടാമ്പീ വച്ച്‌ തല ചുറ്റി വീണതാത്ത്രെ....പിന്നെണീറ്റില്ല...."

നാട്ടിലൊക്കെ നടന്ന്‌ കാണുന്ന ചെമ്പരത്തിയും തെച്ചിയും തുളസിയുമൊക്കെ പൊട്ടിച്ച്‌ അടുത്തുള്ള അമ്പലങളിലേക്കു കൊടുക്കും....അവിടുന്ന്‌ കിട്ടുന്നതും വാങ്ങി തിരിച്ചു പോരും....കിട്ടുന്ന സംഖ്യ ചെറുതായാലും വലുതായാലും ഒന്നും മിണ്ടില്ല.....എനിക്ക്‌ ഓര്‍മ്മയുള്ള നാള്‍ മുതല്‍ ഞാന്‍ കാണുന്ന അപ്പുണ്ണി ഇങ്ങനെയാണ്‌....മുതുക്‌ വളഞ്ഞ്‌ മുഷിഞ്ഞ വസ്ത്രം ധരിച്ച്‌ ഓടി നടക്കുന്ന അപ്പുണ്ണി....

ഒരിക്കല്‍ പോല്യത്തേലെ പരമേട്ടന്‍ തറവാട്ടമ്പലത്തിലെ പൂജക്കായ്‌ നാട്‌ നീളെ പൂക്കള്‍ തേടി നടന്ന്‌ ഒന്നും കിട്ടതെ വരുന്നത്‌ കണ്ട്‌ ഒന്നും കിട്ടിയില്ലെ പരമേട്ടാ എന്നു ചോദിച്ചു."എവിടുന്നെന്‍റെ മോനേ....ആ പഹേന്‍ ഒക്കെ പൊട്ടിച്ച് കൊണ്ടോയേക്ക്‌ണ്...." ഇത്‌ പറഞ്ഞ്‌ പരമേട്ടന്‍ നോക്കിയത്‌ അപ്പുണ്ണ്യേട്ടന്‍റെ മുഖത്തേക്കായിരുന്നു.

വെറ്റില കറ പുരണ്ട പല്ല്‌ പുറത്തേക്കാക്കി പരമേട്ടന്‍റെ മുഖത്തേക്കു നോക്കി ഒന്നു ഇളിച്ച്‌ പഴയ അഞ്ചല്‍കാരന്‍റെ പോലെ ഒരു കയ്യില്‍ തന്‍റെ നരച്ച കാലന്‍ കുട മുന്നോട്ടും പിന്നോട്ടും ഒരേ താളത്തില്‍ ആട്ടി മറു കയ്യില്‍ പൂക്കള്‍ നിറച്ച മുഷിഞ്ഞ സഞ്ചിയുമായി അപ്പുണ്ണ്യേട്ടന്‍ ഗുരുവായൂര്‍ക്ക്‌....

പരമേട്ടന്‍റെ അപ്പോഴത്തെ ആ ഭാവവും നില്‍പ്പും ഓര്‍ത്ത്‌ ഇപ്പോഴും ചിരി വരുന്നു....കഴിഞ്ഞ ഇടവപ്പാതിക്ക്‌ പരമേട്ടനും മരിച്ചു....ദാ....ഇപ്പൊ അപ്പുണ്ണ്യേട്ടനും.....

"തെച്ചി....മന്ദാരം....തുളസി....പിച്ചകമാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പ നിന്നെ കണികാണണം...."പടിഞ്ഞാറേലെ സരളേച്ചീടെ റേഡിയോയില്‍ നിന്നാണാ ഗാനം കേള്‍ക്കുന്നത്‌....ഈ ഗാനം കേള്‍ക്കുമ്പോളെല്ലാം അപ്പുണ്ണ്യേട്ടനെയാണ്‌ ഓര്‍മ്മ വരിക....ഇപ്പോള്‍ മരിച്ചെന്ന്‌ കേട്ട ഈ നിമിഷത്തിലും അതു വീണ്ടും കേട്ടപ്പോള്‍ എന്തോ ഒരു കൗതുകം....
പുറത്ത് വേലിക്കരികില്‍ വര്‍ഷതാപമേറ്റ്‌ ചാഞ്ഞു നില്‍ക്കുന്ന ചെമ്പരത്തി പൂക്കള്‍കരികില്‍ ചെന്ന് ഇടവഴിയിലേക്കു നോക്കി....മുതുകു വളഞ്ഞ ഒരു വൃദ്ധന്‍ ഇനിയും വരുമോ എന്നറിയാന്‍....

28 November 2010

A letter from one of my pal, Prashand, while he was in Delhi for his MSW project work

വേനല്‍ - 2010
ഡല്‍ഹി
വീട് വിളിക്കുന്നു ! Home calling
അമ്മയെ കാണണം. അച്ചന്‍റെ ചാരുകസാലയില്‍ കിടന്നു ഉറങ്ങണം. രഞ്ചിത്തിന്‍റെ വീട്ടില്‍ പോയ്‌ മീന്‍കൂട്ടാനും ചോറും കഴിക്കണം. അമ്മ അറിയരുത്. ലോനകുട്ടി ചേട്ടന്‍റെ പീടികേന്നു മിക്സച്ചര്‍ വാങ്ങി കഴിക്കണം. പാര്‍ടി ഓഫീസില്‍ പോയിരുന്ന്‌ ലാത്തിയടിക്കണം . ഇന്‍ങ്ക്വിലാബ്‌ വിളിക്കണം. BJP- കാരന്‍റെ കണ്ണടിച് പൊട്ടിക്കണം. അപ്രത്തെ ചേച്ചി മുറ്റം അടിക്കുന്നതും പാല് വാങ്ങാന്‍ പോകുന്നതും ഒളിഞ്ഞു നോക്കണം. വൈകുന്നേരങ്ങളില്‍ കബീര്‍ബായുടെ അടുത്തിരുന്നു വിശ്വസാഹിത്യം വിളമ്പണം. ഗുരുവായൂരമ്പലനടയിലൂടെ പെങ്കുട്ട്യോള്‍ടെ വായില് നോക്കി നടക്കണം. അമ്പലകുളത്തിലേക്ക്‌ ഒളിഞ്ഞു നോക്കണം. കിഴക്കേ നടയിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ പോയ്‌ "രാജാവേ, രാജാവേ ഒരു കാപ്പി തരാമോ'' എന്ന് വെയിറ്റര്‍മാരോട്‌ ചോദിക്കണം. ഔട്ടര്‍റിംഗ് റോഡിലൂടെ വണ്ടി ഓടിച്ചു പോകുമ്പോ, പ്രശാന്തും ഐഷയും നിന്ന് സംസാരിച്ചിരുന്ന പഴയ സ്കൂളിന്‍റെ വരാന്തയിലേക്ക്‌ നോക്കി നെടുവീര്‍പ്പിടണം. കിച്ചന്‍റെ വീട്ടില്‍ പോകണം. സോപാനം ബാറിന്‍റെ മുന്നില്‍ ചെന്ന് നിന്ന് "പാമ്പുകളുടെ" എണ്ണമെടുക്കണം. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കച്ചേരിയും അരങ്ങേറ്റവും നടക്കുന്നത് കാണണം. രാത്രി; മാറാല കെട്ടിയ എന്‍റെ മുറിയില്‍; പുസ്തകങ്ങള്‍ പരത്തിയിട്ട കിടക്കയില്‍ കിടന്നു സ്വപ്‌നങ്ങള്‍ നെയ്യണം. സ്വപ്നത്തില്‍ എന്‍റെ മാളൂനെ നെഞ്ചില്‍ കിടത്തി ഉറക്കണം. എനിക്ക് പ്രിയപ്പെട്ടവരെ ഓര്‍ക്കണം . പഴയ കത്തുകളും കാര്‍ഡുകളും എടുത്ത് വീണ്ടും വീണ്ടും വായിക്കണം. ഒരിറ്റു കണ്ണീരു വീഴ്ത്തണം. ആകാശത്തിന് ചുവപ്പ് പടരുമ്പോള്‍ പ്രഭാതത്തിലെ ആദ്യത്തെ കിളി ചിലക്കുമ്പോള്‍ , കോണ്‍വെന്‍റ്‌ പള്ളിയിലെ മണിയൊച്ച കേള്‍ക്കുമ്പോള്‍ , നിര്‍മാല്യത്തിന്‍റെ മണികള്‍ മുഴങ്ങുമ്പോള്‍ ജ്ഞാനപ്പാന കേട്ട് തുടങ്ങുമ്പോള്‍, ഗുരുവായൂര്‍ ദേശം ഉണര്‍ന്നു തുടങ്ങുമ്പോള്‍....
പ്രിയ കബീര്‍ ഹമീദ്; എന്‍റെ മാറാല കെട്ടിയ മുറിയില്‍ കിടന്നു; എനിക്കൊന്നു മയങ്ങണം......
വീട് വിളിക്കുന്നു;
Home calling.
പ്രശാന്ത്
summer 2010
Delhi

28 July 2010

karkkidakathile mazha arangu thakarkkukayanu. daaham theertha bhoomi mathu pidichu maakrikoottangalude sopana sangeethathil madalasayay mayangunnu.

21 July 2010

അക്ഷരതാളുകളിലൂടെ കൈ പിടിച്ചു നടത്തിയ
എന്‍റെ രമടീച്ചര്‍ക്ക്‌..........................