വേനല്‍ - 2010
ഡല്‍ഹി
വീട് വിളിക്കുന്നു ! Home calling
അമ്മയെ കാണണം. അച്ചന്‍റെ ചാരുകസാലയില്‍ കിടന്നു ഉറങ്ങണം. രഞ്ചിത്തിന്‍റെ വീട്ടില്‍ പോയ് മീന്‍കൂട്ടാനും ചോറും കഴിക്കണം. അമ്മ അറിയരുത്. ലോനകുട്ടി ചേട്ടന്‍റെ പീടികേന്നു മിക്സച്ചര്‍ വാങ്ങി കഴിക്കണം. പാര്‍ടി ഓഫീസില്‍ പോയിരുന്ന് ലാത്തിയടിക്കണം . ഇന്‍ങ്ക്വിലാബ് വിളിക്കണം. BJP- കാരന്‍റെ കണ്ണടിച് പൊട്ടിക്കണം. അപ്രത്തെ ചേച്ചി മുറ്റം അടിക്കുന്നതും പാല് വാങ്ങാന്‍ പോകുന്നതും ഒളിഞ്ഞു നോക്കണം. വൈകുന്നേരങ്ങളില്‍ കബീര്‍ബായുടെ അടുത്തിരുന്നു വിശ്വസാഹിത്യം വിളമ്പണം. ഗുരുവായൂരമ്പലനടയിലൂടെ പെങ്കുട്ട്യോള്‍ടെ വായില് നോക്കി നടക്കണം. അമ്പലകുളത്തിലേക്ക് ഒളിഞ്ഞു നോക്കണം. കിഴക്കേ നടയിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ പോയ് "രാജാവേ, രാജാവേ ഒരു കാപ്പി തരാമോ'' എന്ന് വെയിറ്റര്‍മാരോട് ചോദിക്കണം. ഔട്ടര്‍റിംഗ് റോഡിലൂടെ വണ്ടി ഓടിച്ചു പോകുമ്പോ, പ്രശാന്തും ഐഷയും നിന്ന് സംസാരിച്ചിരുന്ന പഴയ സ്കൂളിന്‍റെ വരാന്തയിലേക്ക് നോക്കി നെടുവീര്‍പ്പിടണം. കിച്ചന്‍റെ വീട്ടില്‍ പോകണം. സോപാനം ബാറിന്‍റെ മുന്നില്‍ ചെന്ന് നിന്ന് "പാമ്പുകളുടെ" എണ്ണമെടുക്കണം. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ കച്ചേരിയും അരങ്ങേറ്റവും നടക്കുന്നത് കാണണം. രാത്രി; മാറാല കെട്ടിയ എന്‍റെ മുറിയില്‍; പുസ്തകങ്ങള്‍ പരത്തിയിട്ട കിടക്കയില്‍ കിടന്നു സ്വപ്‌നങ്ങള്‍ നെയ്യണം. സ്വപ്നത്തില്‍ എന്‍റെ മാളൂനെ നെഞ്ചില്‍ കിടത്തി ഉറക്കണം. എനിക്ക് പ്രിയപ്പെട്ടവരെ ഓര്‍ക്കണം . പഴയ കത്തുകളും കാര്‍ഡുകളും എടുത്ത് വീണ്ടും വീണ്ടും വായിക്കണം. ഒരിറ്റു കണ്ണീരു വീഴ്ത്തണം. ആകാശത്തിന് ചുവപ്പ് പടരുമ്പോള്‍ പ്രഭാതത്തിലെ ആദ്യത്തെ കിളി ചിലക്കുമ്പോള്‍ , കോണ്‍വെന്‍റ് പള്ളിയിലെ മണിയൊച്ച കേള്‍ക്കുമ്പോള്‍ , നിര്‍മാല്യത്തിന്‍റെ മണികള്‍ മുഴങ്ങുമ്പോള്‍ ജ്ഞാനപ്പാന കേട്ട് തുടങ്ങുമ്പോള്‍, ഗുരുവായൂര്‍ ദേശം ഉണര്‍ന്നു തുടങ്ങുമ്പോള്‍....
പ്രിയ കബീര്‍ ഹമീദ്; എന്‍റെ മാറാല കെട്ടിയ മുറിയില്‍ കിടന്നു; എനിക്കൊന്നു മയങ്ങണം......
വീട് വിളിക്കുന്നു;
Home calling.
പ്രശാന്ത്
summer 2010
Delhi
No comments:
Post a Comment