വിദൂരങ്ങളിലെവിടെയോ മാഞ്ഞു പോയ എന്‍റ ബാല്യത്തിനു......

06 December 2010

പൂക്കാരന്‍ അപ്പുണ്ണി

"ഒരു ദേശത്തിന്‍റെ കഥ"യില്‍ മുഴുകി ഇരിക്കുമ്പോഴാണു കാപ്പിയുമായി വന്ന അമ്മ പൂക്കാരന്‍ അപ്പുണ്ണി മരിച്ച വിവരം പറഞ്ഞത്.

"ങ്....മരിച്ചൊ....എപ്പോഴാണ്‌....? എന്നു ചോദിക്കുമ്പോള്‍, മുന്നോട്ടു നന്നായി വളഞ്ഞു, തന്‍റെ നരച്ച കാലന്‍ കുട മുന്നോട്ടും പിന്നോട്ടും ഒരേ താളത്തില്‍ ആട്ടി, ഓടുന്ന വേഗത്തില്‍ നടന്നു നീങ്ങുന്ന ഒരു കുറിയ മനുഷ്യന്‍റെ രൂപമായിരുന്നു മനസ്സില്‍. പുസ്തകം അടുത്തു കിടന്നിരുന്ന ടീപോയില്‍ വച്ചു പുറത്തേക്കു നോക്കിയപ്പോള്‍, പെയ്യുന്ന മിധുനമാസ മഴയിലൂടെ, പടിഞ്ഞാറെ ചിറയില്‍ നിന്നും കുളി കഴിഞ്ഞു വാസ്വേട്ടന്‍ പോകുന്നു. പെട്ടന്നു അപ്പുണ്ണ്യേട്ടനാണോ എന്നു തോന്നി. തണുത്ത് വിറച്ചു കുനിഞ്ഞു പോകുന്നതു കൊണ്ടു തോന്നിയതാവാം. ഒരു കാലഘട്ടത്തിന്‍റെ മൂകസാക്ഷിയായ് അയാള്‍ മാത്രം ശേഷിക്കുന്നു.

"നിന്‍റെ അച്ചന്‍ ഒരു മൂകജീവിയാ...." ബസില്‍ ജോലിയുള്ള വാസ്വേട്ടന്‍റെ രവി ഒരു ദിവസം വീട്ടിലേക്കു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു.

"അച്ചന്‍റെ തരക്കാരെല്ലാം പോയില്ലെടാ....ഇനി അപ്പുണ്ണ്യേട്ടനും അച്ചനുമുണ്ട്....അവര്‌ തമ്മീ കണ്ടാ വല്യ വര്‍ത്താനാ....പഴയ ഓരോന്ന്‌ പറഞ്ഞ്....പിന്നെ ആരായിട്ടൂല്യാ...."പഴയ കാര്യങ്ങള്‍ പറയാനും ഇടക്ക്‌ ഷാപ്പില്‍ പോയി ഒന്നു വീശാനും കൂടെ ഉണ്ടായിരുന്ന അപ്പുണ്ണിയും പോയി. ഇനി......? ഇതൊക്കെയാവും ഇപ്പോള്‍ വാസ്വേട്ടന്‍റെ മനസില്‍ .

ഏലക്കയിട്ട്‌ തിളപ്പിച്ച കാപ്പി തന്ന്‌ പുറത്തു പെയ്യുന്ന മഴയിലേക്കു നോക്കി അമ്മ നെടുവീര്‍‍പ്പിട്ടു."ത്ത്രകൊക്കെള്ളൊ മന്‍ഷ്യന്‍റെ കഥ....വയസ്സായിട്ടും പണ്യെടുത്ത്‌ ജീവിച്ചിര്‌ന്നാളാ....പാവം. പാലകാട്ടേക്ക്‌ കെട്ടിച്ചയച്ച മോള്‍ടെ അട്‌ത്തേക്ക്‌ പോയതാ....പട്ടാമ്പീ വച്ച്‌ തല ചുറ്റി വീണതാത്ത്രെ....പിന്നെണീറ്റില്ല...."

നാട്ടിലൊക്കെ നടന്ന്‌ കാണുന്ന ചെമ്പരത്തിയും തെച്ചിയും തുളസിയുമൊക്കെ പൊട്ടിച്ച്‌ അടുത്തുള്ള അമ്പലങളിലേക്കു കൊടുക്കും....അവിടുന്ന്‌ കിട്ടുന്നതും വാങ്ങി തിരിച്ചു പോരും....കിട്ടുന്ന സംഖ്യ ചെറുതായാലും വലുതായാലും ഒന്നും മിണ്ടില്ല.....എനിക്ക്‌ ഓര്‍മ്മയുള്ള നാള്‍ മുതല്‍ ഞാന്‍ കാണുന്ന അപ്പുണ്ണി ഇങ്ങനെയാണ്‌....മുതുക്‌ വളഞ്ഞ്‌ മുഷിഞ്ഞ വസ്ത്രം ധരിച്ച്‌ ഓടി നടക്കുന്ന അപ്പുണ്ണി....

ഒരിക്കല്‍ പോല്യത്തേലെ പരമേട്ടന്‍ തറവാട്ടമ്പലത്തിലെ പൂജക്കായ്‌ നാട്‌ നീളെ പൂക്കള്‍ തേടി നടന്ന്‌ ഒന്നും കിട്ടതെ വരുന്നത്‌ കണ്ട്‌ ഒന്നും കിട്ടിയില്ലെ പരമേട്ടാ എന്നു ചോദിച്ചു."എവിടുന്നെന്‍റെ മോനേ....ആ പഹേന്‍ ഒക്കെ പൊട്ടിച്ച് കൊണ്ടോയേക്ക്‌ണ്...." ഇത്‌ പറഞ്ഞ്‌ പരമേട്ടന്‍ നോക്കിയത്‌ അപ്പുണ്ണ്യേട്ടന്‍റെ മുഖത്തേക്കായിരുന്നു.

വെറ്റില കറ പുരണ്ട പല്ല്‌ പുറത്തേക്കാക്കി പരമേട്ടന്‍റെ മുഖത്തേക്കു നോക്കി ഒന്നു ഇളിച്ച്‌ പഴയ അഞ്ചല്‍കാരന്‍റെ പോലെ ഒരു കയ്യില്‍ തന്‍റെ നരച്ച കാലന്‍ കുട മുന്നോട്ടും പിന്നോട്ടും ഒരേ താളത്തില്‍ ആട്ടി മറു കയ്യില്‍ പൂക്കള്‍ നിറച്ച മുഷിഞ്ഞ സഞ്ചിയുമായി അപ്പുണ്ണ്യേട്ടന്‍ ഗുരുവായൂര്‍ക്ക്‌....

പരമേട്ടന്‍റെ അപ്പോഴത്തെ ആ ഭാവവും നില്‍പ്പും ഓര്‍ത്ത്‌ ഇപ്പോഴും ചിരി വരുന്നു....കഴിഞ്ഞ ഇടവപ്പാതിക്ക്‌ പരമേട്ടനും മരിച്ചു....ദാ....ഇപ്പൊ അപ്പുണ്ണ്യേട്ടനും.....

"തെച്ചി....മന്ദാരം....തുളസി....പിച്ചകമാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പ നിന്നെ കണികാണണം...."പടിഞ്ഞാറേലെ സരളേച്ചീടെ റേഡിയോയില്‍ നിന്നാണാ ഗാനം കേള്‍ക്കുന്നത്‌....ഈ ഗാനം കേള്‍ക്കുമ്പോളെല്ലാം അപ്പുണ്ണ്യേട്ടനെയാണ്‌ ഓര്‍മ്മ വരിക....ഇപ്പോള്‍ മരിച്ചെന്ന്‌ കേട്ട ഈ നിമിഷത്തിലും അതു വീണ്ടും കേട്ടപ്പോള്‍ എന്തോ ഒരു കൗതുകം....
പുറത്ത് വേലിക്കരികില്‍ വര്‍ഷതാപമേറ്റ്‌ ചാഞ്ഞു നില്‍ക്കുന്ന ചെമ്പരത്തി പൂക്കള്‍കരികില്‍ ചെന്ന് ഇടവഴിയിലേക്കു നോക്കി....മുതുകു വളഞ്ഞ ഒരു വൃദ്ധന്‍ ഇനിയും വരുമോ എന്നറിയാന്‍....

No comments:

Post a Comment