വിദൂരങ്ങളിലെവിടെയോ മാഞ്ഞു പോയ എന്‍റ ബാല്യത്തിനു......

14 January 2011

ഒരിക്കല്‍. . . . .



എല്‍ബൊ ക്രച്ചസിന്‍മേല്‍ ഊന്നി കാടുപിടിച്ച പള്ളികാട്ടിലേക്ക് കയറി. സിയാറത്ത് ചെയ്യാന്‍വരുന്നവരുടെ കാല്‍പാദമേറ്റ് ഉറച്ച നടവഴിയുടെ ഇരുവശത്തും വളര്‍ന്നു നില്‍ക്കുന്ന കറുകപുല്ലിന്‍റേയും തൊട്ടാവാടിയുടെയും ഇടയില്‍ മീസാന്‍കല്ലുകള്‍ കഴിഞ്ഞുപോയ കാലങ്ങളുടെ കഥകള്‍ നിശ്ശബ്ദ്ദമായി പേറുന്ന പ്രതീകങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നു.

"അതാണിവിടുത്തെ ഏറ്റവും പഴയ ഖബര്‍..." ഖബര്‍സഥാനിലേക്ക് കയറുന്ന ഭാഗത്തെ മീസാന്‍കല്ല് ചൂണ്ടി കലാം പറഞ്ഞു. കാല പഴക്കം കൊണ്ടാവണം ആ കല്ലിന്‍റെ അരികെല്ലാം തേഞ്ഞുപോയതുപോലെയിരിക്കുന്നു. പൊന്തകാടുകള്‍ക്കിടയില്‍ നിന്നും ചീവിടുകളുടെ കരച്ചില്‍.

പള്ളിയുടെ അടുത്തുള്ള വീവുത്താടെ വീട്ടില്‍ നിന്ന് വാങ്ങിയ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ഞങ്ങള്‍ പതുക്കെ മുന്നോട്ട് നീങ്ങി. പനിച്ചോത്തിന്‍റെ മുള്ളുകള്‍ ഉടുക്കി ഉടുത്തിരിക്കുന്ന മുണ്ട് ആരോ പിന്നോട്ട് വലിക്കുന്നതു പോലെ. മുള്ളുകള്‍ക്കിടയില്‍ നിന്നും തുണി വേര്‍പ്പെടുത്തി നിവര്‍ന്നപ്പോള്‍ ഹക്കീം അവന്‍റെ ഉപ്പാടെ ഖബറിങ്ങല്‍ക്ക് എത്തിയിരിക്കുന്നു. ഇരുട്ടിലേക്ക് ടോര്‍ച്ചടിച്ച് കലാം പരിചയമുള്ളവരുടെ ഖബറുകള്‍ കാട്ടി തന്നു.
"എവിടെയാട അസറൂന്‍റേത്.........?"

"അതപ്രത്താ"

ഹക്കീമിന്‍റെ അടുത്തെത്തിയപ്പോള്‍ ഉപ്പാക്ക് സലാം ചൊല്ലാന്‍ അവന്‍ പറഞ്ഞു.

"നോക്കിക്കൊ സലാം ചൊല്യാ ഇല അനങ്ങണത്...!" ഖബറിന്‍റെ തലക്കല്‍ വച്ചിട്ടുള്ള മൈലാഞ്ചി ചെടിയില്‍ നോക്കി ഹക്കീം ഞങ്ങളോട് പറഞ്ഞു. റഷ്യയിലെ ത്വര്‍സ്റ്റേറ്റ് മെഡിക്കല്‍ അക്കാഡമിയില്‍ നിന്ന് ബിരുദം നേടിയ ഒരു ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ കൗതകമാണ്‌ തോന്നിയത്. മൂകമായി സലാം പറയുമ്പോള്‍ നെറ്റിയുടെ ഇരുവശവും മുടി കയറി, തടിച്ച ശരീരപ്രകൃതിയുള്ള പരീത്‌മൂത്താപ്പടെ രൂപമായിരുന്നു മനസ്സില്‍. ഉപ്പാടെ രണ്ടാമത്തെ ജേഷ്ട്ടന്‍ പരീത്ഹാജി........
ആ നാട്ടുവെളിച്ചത്തില്‍ ഇരുണ്ട മൈലാഞ്ചിയിലകള്‍ കാറ്റത്ത് പതുക്കെ ഇളകി...... ദുഅക്കിടയിലുള്ള ആ കനത്ത നിശ്ശബ്ദത, ഒരു കാലത്ത് ശബ്ദകോലാഹങ്ങള്‍ക്കിടയില്‍ തിരക്കിട്ട് ജീവിച്ചിരുന്ന ഒരു പറ്റം ആളുകളുടെ മങ്ങിയ ചിത്രങ്ങള്‍ സ്മൃതിയില്‍ വെളുത്ത രൂപങ്ങളായി കോറിയിട്ടു.............
മുടി മുഴുവനായി വടിച്ചു കളഞ്ഞ തലയില്‍ വെള്ളഷാള്‍ ‍കൊണ്ടുള്ള തലക്കെട്ടും വെള്ളഷര്‍ട്ടും മടക്കികുത്തിയ വെള്ളമുണ്ടും ധരിച്ച് മുമ്പോട്ട് മടക്കി പിടിച്ച കൈതണ്ടയുടെ ഇടയില്‍ പൂവന്‍പഴത്തിന്‍റെ പൊതിയുമായീ, വഴിയില്‍ കാണുന്നവരോടെല്ലാം കളിതമാശകള്‍ പറഞ്ഞു ധൃതിയില്‍ നടന്നു നീങ്ങുന്ന ആലിക്ക.....യാത്രകള്‍ ഒരുപാട് ഇഷ്ട്ടപെട്ടിരുന്ന മനുഷ്യന്‍. യൗവനകാലത്ത് കൊളമ്പില്‍ പോയി അധ്വാനിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ആണ്‍മക്കള്‍ കാലമായപ്പോള്‍, നാട്ടില്‍ തിരികെ വന്ന് അവര്‍ വാങ്ങികൂട്ടിയ ഭൂസ്വത്തുക്കള്‍ നോക്കി നടത്തി. തൃശ്ശൂരും പാലക്കാടും മറ്റുമുള്ള മക്കളുടെ വീടുകളിലേക്കുള്ള യാത്രകളീലായിരിക്കും മിക്കപ്പോഴും. ഈ യാത്രകളില്‍ തന്‍റെ അരയില്‍ കെട്ടിയിട്ടുള്ള അരപട്ടയില്‍ നിന്നും ധാരാളാം പണം പോക്കറ്റടിച്ചു പോയിട്ടുണ്ടത്രെ. വര്‍ഷങ്ങ‍‍ള്‍ക്ക് മുമ്പ് പേര്‍ഷ്യയിലേക്ക് യാത്രതിരിച്ച് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മനസ്സ് മാറി തിരികെ നാട്ടിലെക്ക് വണ്ടി കയറിയ ചരിത്രമുണ്ട് ഇദ്ദേഹത്തിന്‌. "ന്താ ന്‍റെ കുട്ട്യേ" എന്ന് പറഞ്ഞ് സ്നേഹം പ്രകടിപ്പിച്ചിരുന്ന ഒരു പാവം മനുഷ്യന്‍.

കണ്ണീലെ കൃഷ്ണമണിപോലെ സൂക്ഷിക്കുന്ന നിലം തമിഴരെകൊണ്ട് പണിയെടുപ്പിക്കുന്ന കാര്യം പറഞ്ഞ്, ഭക്ഷണം കഴിക്കുന്ന കെട്ടിയവന്‍റെ അടുത്ത് പോയി വക്കാണം കൂടുന്ന, നാട്ടിലെ വറുതി കാലത്ത് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും 'പൈക്കനേന്‍' വിളമ്പി ഒരുപാട് പേരുടെ വിശപ്പ് മാറ്റിയ ഐഷകുട്ടിയുമ്മ. കുട്ടികളുടെ ശീലക്കേട് മാറ്റാന്‍ മോന്തി സമയങ്ങളില്‍ മന്ത്രിചൂതിപ്പിക്കാന്‍ ഉപ്പുമായെത്തുന്ന ആ നാട്ടിലെ സ്ത്രീകള്‍ക്ക് ഇവര്‍ ഐസുട്ത്തയായിരുന്നു.
"കെബിഭായ് ഇതാണ്‌ ബാബുക്കാടെ ഖബര്‍......" ഒരുപാട് മീസാന്‍ കല്ലുകള്‍ക്കിടയിലേക്ക് ടോര്‍ച്ചടിച്ച് കലാം എനിക്ക് കാട്ടി തന്നു. ബാബുക്ക........ഒരുപക്ഷെ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ സമൂഹത്തിന്‍റെ ഉന്നത നിലയില്‍ എത്തേണ്ടിയിരുന്ന ആള്‍......ഇപ്പോള്‍ ഇവിടെ തനിച്ച് ആരോരുമില്ലാതെ.....! ദുബായ് ഡിഫന്‍സില്‍ വാറന്‍റ് ഓഫീസറായിരുന്ന, ലഹരിയുടെ പിടിയില്‍ അമര്‍ന്ന് ഉയരങ്ങളിലേക്കുള്ള പാതയുടെ ഇടയില്‍ വച്ച് തളര്‍ന്നു വീണ ഒട്ടേറെ കഴിവും സാമര്‍ത്ഥ്യവും ഉണ്ടായിരുന്ന ബാബുക്ക.....
പരുമൂത്താപ്പാടെ ഖബറിങ്ങല്‍ നിന്നും തിരിച്ച് നടക്കുമ്പോള്‍ ഹക്കീമിന്‍റെ മുഖം മ്ലാനമായിരുന്നു. പടിഞ്ഞാറ്, തെക്ക് വടക്കായി ഒഴുകുന്ന കനോലി കനാലിന്‍റെ കരയിലൂടെ നടന്നു നീങ്ങി മറഞ്ഞ് പോയി ഒടുവില്‍ കള്ളലാഞ്ചി കയറി "പേര്‍ഷ്യയില്‍" എത്തിയെന്ന വിവരത്തിന്‌ കത്തിട്ട് ഉമ്മാടെ ആധി മാറ്റിയ ഈ ദേശത്തെ ആദ്യത്തെ പ്രവാസിയായ പരീത്. ഉയര്‍ച്ചയും താഴ്ച്ചയും വളരെ പെട്ടന്നായിരുന്നു എല്ലാവരും ഹാജ്യേര്‌ എന്ന് വിളിക്കുന്ന പരീതിന്‌. അങ്ങനെ ഒരു പിടി ചിത്രങ്ങള്‍......
"പുതുവീട്ടില്‍ അഷറഫ്" ടോര്‍ച്ചിന്‍റെ വെളീച്ചത്തില്‍ വാര്‍പ്പിന്‍റെ മീസാന്‍ കല്ലില്‍ ആ പേര്‌വായിച്ചപ്പോള്‍ ഓര്‍മ്മകള്‍ വീണ്ടും ഒരു സര്‍പ്പത്തിന്‍റെ പത്തിപോലെ ഉയര്‍ന്നു വന്നു. കെബിഭായെ എന്ന് വിളിച്ച് അടുത്ത് വന്നിരുന്ന് വിശേഷങ്ങള്‍ പറയുന്ന അഷറഫ്. ജിമ്മില്‍ പോയി ചെറുതായി പൊന്തിയ സ്വന്തം മാറിടത്തില്‍ കൈപത്തികൊണ്ട് പതുക്കെ അടിച്ച് ഉറപ്പ് നോക്കുന്ന ചുരുണ്ട മുടിയുള്ള, ഞങ്ങള്‍ 'വെള്ള അസറു' എന്ന് വിളിക്കുന്ന ആ ഇരുപത്തിമൂന്നുകാരന്‍.....

ഒടുവില്‍ ആ പള്ളികാട്ടില്‍ നിന്നും ഇറങ്ങി വീവുത്താടെ ടോര്‍ച്ച് മടക്കി കൊടുത്ത് മടങ്ങുമ്പോള്‍ പള്ളിയുടെ കിഴക്ക് ഭാഗത്തുള്ള വീടിന്‍റെ പൂമുഖത്തിരിക്കുന്ന ആത്തിക്കാത്താനെ കണ്ടു.


*********************************

കാറിലിരുന്ന് ഏകാദശിയുടെ തിരക്കിലേക്ക് നോക്കി. ഹക്കീം കരിമ്പിന്‍റെ വില ചോദിച്ച് ഒരു കള്ളിമുണ്ടുകാരന്‍റെ അടുത്ത് നില്‍ക്കുന്നു. ഉത്സവത്തിമിര്‍പ്പില്‍ ചെത്തിനടക്കുന്ന യുവത്വങ്ങള്‍. വെയിറ്റടിക്കാന്‍ പോയി ഇറുകിയ ടീഷര്‍ട്ടുകള്‍ക്കിടയില്‍ ഷേപ്പ് വരുത്തിയ ബോഡിയുമായി ഇന്നിന്‍റെ തലമുറകള്‍ ഉയര്‍ന്ന മാറിടങ്ങളില്‍ ‍കൈപത്തികൊണ്ട് ഉറപ്പ്‌ നോക്കുന്നു. ടോര്‍ച്ചിന്‍റെ മങ്ങിയ വെളിച്ചത്തില്‍ തെളിയുന്ന മീസാന്‍കല്ല്.....

പുതുവീട്ടില്‍ അഷറഫ്
ജനനം . . . . . . . . . .



വേലിക്കിടയിലൂടെ കാണുന്ന പൂമുഖം. മരിച്ച മകന്‌ ഖത്തം ഓതുന്ന ആത്തിക്കാത്ത......




11 January 2011

എനിക്കു വന്ന ഒരെഴുത്ത്

1183 മീനം 1,
ഇന്ദീവരം;

ഗുരുവായൂര്‍
ഭൂതമേ......

ഒരു ടിപ്പിക്കെല്‍ വീകേയെന്‍ സിറ്റുവേഷന്‍;
വരി വരിയായി നീങ്ങികൊണ്ടിരിക്കുന്ന
കാളവണ്ടികളെ നോക്കി:-
'ദ്വിതീയാക്ഷര പ്രാസത്തില്‍ നീങ്ങുന്ന പോത്തും വണ്ടികള്‍......'
* * *

ഇംഗ്ലീഷറിയാത്ത ഒരു മലയാള സംവിധായകന്‍ ദേശീയപുരസ്‌കാരത്തിനായി ചരടുവലി നടത്താന്‍ ഡല്‍‍ഹിയിലെ ടാജില്‍ റൂമെടുത്തു. വിവരമറിഞ്ഞ ഒരു പത്രക്കാരി ഒരു ഇന്‍റര്‍വ്യൂ തരപ്പെടുത്തുന്നു. സംവിധായകന്‍ രണ്ട്‌ ഗ്ലാസ് റം നീറ്റായടിച്ച്‌കട്ടിലേല്‍ കേറി പനി നടിച്ച്‌ കിടക്കുന്നു.

പത്രകാരി: സര്‍ മത്‌സ്യം പ്രമേയമാക്കി സിനിമയെടുക്കാന്‍ കാരണം?
സംവി: മത്‌സ്യം...മീന്‍...തീം...മാഡം...ഹാ..ഹാ..ഹാ......


പത്രക്കാരി: ഏതൊക്കെയാണ്‌ അടുത്ത സംരംഭങ്ങള്‍?
സംവി: വെള്ളിത്തിര...രണ്ട്‌ കളികള്‍...6:30, 9:30...
പത്രകാരി: അവാര്‍ഡുകളെപ്പറ്റി എന്താണ്‌ അഭിപ്രായം?
സംവി: അവാര്‍ഡ്‌; ഹും. മാഡം...ആര്‍ക്കുവേണം....
പത്രക്കാരി അഭിമുഖസംഭാഷണം അവസാനിപ്പിച്ചതായി ഭാവിച്ച്‌ പേന അടച്ചുവയ്‌ക്കുന്നു. പിറ്റേന്നത്തെ പത്രത്തില്‍.... "ഒരു വിറകുവെട്ടുകാരനെ അനുസ്‌മരിപ്പിക്കുന്ന രൂപഭാവങ്ങളുള്ള ഇദ്ദേഹം ഒരു അല്‌പഭാഷിയും ഒരു ജീനിയസ്സിന്‍റെ എല്ലാ ലക്ഷണങ്ങളോടുകൂടിയവനുമാണ്‌. സര്‍ക്കാര്‍ അവാര്‍ഡ്‌ അദ്ദേഹത്തിന്‌ പുല്ലു വിലയാണ്‌, അതു കിട്ടിയില്ലെങ്കിലും അദ്ദേഹത്തിന്‌ പ്രശ്‌നമില്ലെന്നും പറയുന്നു...."


കേന്ദ്ര സാംസ്കാരിക മന്ത്രി പുംഗവനും ജൂറി ബോര്‍ഡ്‌ ചെയര്‍മാനും ഈ വാര്‍ത്ത കാണുന്നു.... "....അവാര്‍ഡ്‌ കമ്മറ്റിയെ അവഹേളിക്കാന്‍ മാത്രം ആയോ?........അഹങ്കാരി!...." ഒട്ടും ആലോചിക്കാതെ അടുത്ത ഡയലോഗ്‌- "കൊടവനവാര്‍ഡ്"...


* * * *

ആനക്കര എന്നൊരു സ്ഥലമുണ്ട്. എ. വി. കുട്ടിമാളു അമ്മ; ക്യാപ്‌റ്റന്‍ ലക്ഷ്മി; മൃണാളിനി സാരാഭായ്‌; അമ്മുസ്വാമി നാഥന്‍; സുഭാഷിണി അലി;.........തുടങ്ങിയവരുടെ നാട്‌. മടിച്ചില്ല വീക്കേയെന്‍ ആനക്കരയെ 'പിടി'യാനക്കരയാക്കി.!


* * * *

ബ്ലഡീ... K ബായ്‌; വീക്കേയെന്‍ വായനയിലാര്‍ന്നു. വിഷയത്തിലേക്ക്‌ കടക്കാന്‍ വല്ലാത്തൊരസ്‌ഖിത. അതാണിത്രനേരോം പൊന്തക്കു ചുറ്റും തല്യേര്‍ന്നത്‌. എന്നാലിനി കാര്യത്തിലേക്ക്‌
സ്‌റ്റുപ്പിഡ്‌...K ബായ്‌; കോളേജവസാനിച്ചു. 3 കൊല്ലത്തെ യാത്ര അവസാനിക്കുന്നു. ഒരു മനുഷ്യന്‌ അത്യാവശം വേണ്ടത്ര ചുറ്റിക്കളികളും അനുഭവങ്ങളും കിട്ടി. കരിയര്‍ തകര്‍ന്നു. From its pink to nowhere. പറഞ്ഞു വച്ച ഡിഗ്രി പാസാവും എന്ന പ്രതീക്ഷപോലും ഇല്ല.
ബ്ലഡീ ഹെല്‍...! ഒടുക്കം മഗല്ലന്‍റെ കപ്പല്‍ യാത്രപോലെ തുടങ്ങിയേടത്ത് തന്നെ യാത്ര അവസാനിക്കുന്നു. എന്തായാലും; ഞാന്‍ ഒന്നാലോചിക്കാന്‍ പോകുന്നു. ഒരു ഫ്ലാഷ്ബാക്ക്‌. കഴിഞ്ഞ 3 കൊല്ലങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന മുഖങ്ങള്‍; സംഭവങ്ങള്‍....മുന്‍കുറിപ്പ്‌: മഴവിതുമ്പി നില്‍ക്കുന്ന ജൂണിലെ ആകാശത്തിനു ചോട്ടിലാണ്‌ ഞാനാദ്യമായി കാമ്പസിനെ കാണുന്നത്‌. ശ്രീകൃഷ്‌ണ..... ഗതകാലസ്‌മരണകളില്‍ മൗനം പേറുന്ന ഇടനാഴികളില്‍..........ശ്ശൊ ഈ ലാലിനെ കൊണ്ടു തോറ്റു.


രമണിമാഷ്: ബയോളജിക്കല്‍ ഫുള്‍ നേം ഈസ് അനന്തന്‍ രമണീ ശ്രീനിവാസയ്യര്‍. അയ്യര്‍ക്ക് എന്നോട് വല്യ സ്നേഹമായിരുന്നു. ആമ്പിള്ളേരില്ല. അതുകൊണ്ടാവാം. ആദ്യദിവസം H.O.D. വകസംഭാഷണത്തില്‍ പുള്ളിക്കാരാന്‍ ഇങ്ങനെ പറഞ്ഞു.

"My dear children, parents and colleagues. One of our family member has lost his father a couple of days back. He is the first boy to take admission in this department's 2005 batch. I request all to get up for a silent prayer and to take part in his grief"

മാഷ് 2007ല്‍ റിട്ടേര്‍ ചെയ്തു. എന്നെ ഉണ്ണി എന്നാണ്‌ വിളിക്ക്യ. എന്‍റെ എല്ലാ തൊട്ടിതരങ്ങള്‍ക്കും മാപ്പു തന്ന് എന്നെ കൊണ്ട് കുമ്പസാരിപ്പിച്ച് - all most everything so far happened in my life, including Aisha's matter. എന്നെ വിശുദ്ധനാക്കാന്‍ ശ്രമിച്ച പ്രിയപ്പെട്ട രമണീമാഷ്.


ഇഡിയട്ട് Kബായ്; തനിക്കൊക്കെ ഒരു കാര്യറിയ്യോ. ഫസ്റ്റിയറില്‌ ചേര്‍ന്നപ്പൊ ഞാന്‍ റാങ്ക് വാങ്ങിയേ തിരിച്ച്‌ പോവൂന്ന് ഡിപ്പാര്‍ട്ട്‌മെന്‍റിലെ എല്ലാ ടീച്ചര്‍മാരും പറഞ്ഞിരുന്നൂത്രേ. പക്ഷെ.... ധാരാണകള്‍ പെട്ടന്ന് മാറി. കേട്ടോ.
ശരത്ത്‌മാഷ്: ബയോളജിക്കല്‍ ഫുള്‍ നേം ഈസ്:- ശരച്ചന്ദ്രന്‍. നല്ലപ്രായത്തില്‍ അരവിന്ദസാമിയെപ്പോലിരുന്നതാണ്‌ എണ്‌ ഐതിഹ്യം. ഇപ്പോഴും ഗ്ലാമറിന്‌ വല്യ കോട്ടമില്ല. ശകലം നരകയറിയതൊഴിച്ച്. എന്നെ പഠിപ്പിച്ച 'പുസ്തകങ്ങള്‍ fare well to arms - Earnest Hemmingway, King Lear - Shakspeare, God of Small things - A. Roy, Wings of fire - A. P. J. Kalam
ചങ്ങനാശേരിക്കാരനാണ്‌. ഒരിക്കല്‍ ക്ലാസെടുക്കുമ്പം A. P. J.ടെ പുസ്‌തകത്തിലെ ഇഷ്ട്ടപ്പെട്ട ഫാകം ഏതാണെന്ന് ചോദിച്ചു.നോം തട്ടിവിട്ടു :- SLV 3 Launch ന്‌ parliament നല്‍കിയ അനുമോദനത്തില്‍ A. P. J. ടെ മറുപടി: "Iam indeed honoured to be in this great gathering of nation builders. All I know is to make a rocket system build in our country which could carry a satelite built in our country to the space orbit imparting it to a velocity of 2500km/hour" മാഷ് വളരെ ഹാപ്പിയായി" ഒരിക്കല്‍ ആലപ്പുഴ കാമ്പിന്‌ പോകാനായി തൃശൂരെത്തി. M. G. Road-ലേക്കു തിരിഞ്ഞപ്പൊ പുള്ളീം മോനും. "അച്ചന്‍റെ സ്റ്റുഡന്‍റാണ്‌. ഏറ്റോ നല്ല സ്റ്റഡന്‍റാവാന്‍ കഴിയുന്ന ആളാണ്‌. പക്ഷെ അതാവുമോന്ന്‌ അച്ചന്‌ പറയാന്‍ കഴിയുകേല."- മാഷ് എന്നെ ഇങ്ങനെ പരിചയപ്പെടുത്തി.
N. B- ബ്ലഡീ K Bai- ഞാനൊരു വല്യ സംഭവം ആണെന്ന് മനസ്സിലായോ? സാഹിത്യം പഠിപ്പിക്കുന്ന പ്രൊഫസറാന്നേല്‍ ശരത്‌മാഷെപ്പോലെ....എന്നാണ്‌ എന്‍റെ അഫിപ്രായം. ഹൊ...എന്നാ ക്ലാസാന്നോ...എന്‍റമ്മോ....മാഷ്‌ King Lear ന്‍റെ പ്രായം പറഞ്ഞത്:- "Kinf Lear is four score and above. "ബ്ലഡീ....K. Bai- one score is to 20. now U calculate.
ഗീതട്ടീച്ചര്‍: ഭര്‍ത്താവിന്‌ വല്യ പണിയൊന്നും ഇല്ല. ന്നാലും തല്‍ക്കാലത്തേക്കൊരു പണിയുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്‍റ് മെമ്പറാണ്‌. പേര്‌ N. N. കൃഷ്ണദാസ്‌. പാലക്കാട് വിക്ട്ടോറിയാ കോളേജില്‍ പഠിക്കുമ്പൊ പ്രേമിച്ച്‌ കെട്ട്യതാണ്‌. പുള്ളിക്കാരന്‌ ആദ്യായിട്ട്‌ കൊടുത്ത ലൗലെറ്റ്ര്‍‍ എനിക്ക് തന്നിരുന്നു. സംഗതി ഒരു പുസ്‌തകമാണ്‌. ഉറൂബിന്‍റെ 'അമ്മിണി'. അതിന്‍മേല്‍ ഇങ്ങനെ എഴ്തീരുന്നു. "ദാസിന്‌ സ്നേഹമില്ലായ്‌മയോടെ".....പിന്നൊരൊപ്പും. ഞാന്‍ വരാത്തന്ന്‌ ടീച്ചര്‍ ക്ലാസിലിങ്ങനെ ചോദിക്കാറുണ്ടത്രേ "എവിടെ എന്‍റെ പുത്രന്‍....വന്നില്ലേ...." ആദ്യൊക്കെ ഞാന്‍ വലിയ ജാഡക്കാരനന്നാര്‍ന്നു അഫിപ്രായം.....കുട്ട്യോളില്ലാ....ഒരു കുട്ടിയെപ്പോലെ....നിഷ്‌കളങ്കം...ശുണ്‌ഠി ഇതാണ്‌ ടീച്ചര്‍. പ്രിയപ്പെട്ട ഗീതട്ടീച്ചര്‍.

രുഗ്‌മിണിടീച്ചര്‍: ഒരു ക്ലാസില്‍പോലും എന്നെ പഠിപ്പിച്ചിട്ടില്ല. മലയാളവിഭാഗമാണ്‌. 2004ല്‍ റിട്ടേര്‍ ചെയ്‌തു. കഴിഞ്ഞ കൊല്ലം വരെ ഗസ്റ്റ്‌. ഇപ്പൊ റസ്റ്റ്. ഫസ്റ്റിയറിലെ കവിതാപുരസ്കാരമാണ്‌ ടീച്ചറെ പരിചയപ്പെടാന്‍ കാരണം. ഇംഗ്ലീഷ്‌ ഡിപ്പാര്‍ട്ട്‌മെന്‍റ്‌കാരാണ്‌ മലയാളസാഹിത്യം കുത്തകയാക്കി വച്ചിരുന്നത്‌- എനിക്ക് മുമ്പ് അനുപമ.... 2ണ്ടാം വര്‍ഷം ചെറുകഥക്ക് എനിക്കാണ്‌ സമ്മാനം. കഥ വായിച്ച്‌ മാര്‍ക്കിട്ടത്‌ ടീച്ചറും. പേര്‌ 'കള്ളാസില്‍' കാണില്ല. നമ്പറേണ്ടാവൂ.

എഴ്‌തിയവന്‍ ഞാനാന്നറിഞ്ഞപ്പൊ ടീച്ച‍‍ര്‍ക്കാശ്‌ചര്യം. ഏതെങ്കിലും ക്രിസ്ത്യാനിയാവുംന്ന്‌ ടീച്ചര്‍ ഒറപ്പിച്ചിരുന്നൂത്രേ. ഒരിക്കല്‍ ടീച്ചറുടെ വീട്ടീപ്പോയിരുന്നു. ഒറ്റമോനേള്ളു. തിരുനാവായ നവാ മുകുന്ദ H. S. S. ലെ മലയാളം മാഷ്‌. പേര്‌ പ്രശാന്ത്‌. ഭര്‍ത്താവ് - മകന്‍റെ ഭാര്യ - പിന്നെ മാളു. സന്തുഷ്‌ട കുടുംബം. ടീച്ചര്‍ടെ തറവാട്ടിലൊക്കെ പോയി. നിളാതീരത്താണ്‌. ഒരീസം മുഴുവന്‍ മാളൂനേം എടുത്ത് ഒക്കെ ചുറ്റി കണ്ടു. ഒരു എം. ടി. നോവല്‍ പശ്ചാത്തലം പോലെ. സുന്ദരം - ശാന്തം- ഗംഭീരം

അഷിതേച്ചി:- ബ്ലഡീ K ബായ്‌ഞാന്‍ ജീവിതത്തിലാദ്യമായി അനിയന്‍റെ സുഖകരമായ വേഷം കെട്ടുന്നു. ചേച്ചി എന്ന്‌ ഞാന്‍ വിളിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ എല്ലാ അര്‍ത്ഥത്തൂടും കൂടി മാത്രമാണ്‌. കോളേജിനടുത്താണ്‌ വീട്. -അനിയന്‍ കൃഷ്ണ്കുമാര്‍. അമ്മ ടീച്ചറാണ്‌. T. T. I.ല്‌. അച്ചന്‍ ജോഷി. Mal. prof. SreeKrishna college. ആള്‌ പൊടി സാഹിത്യകാരിയാണ്‌. ഒരുപാട്‌ പ്രായത്തീമൂത്ത പെങ്ങമ്മാരൊക്കെ എന്‍റെ ഫാമലീല്‍ണ്ട്‌. പക്ഷെ പല കാരണങ്ങള്‍കൊണ്ടും ഞാന്‍ അവരെയൊക്കെ Dominate ചെയ്‌തിട്ടേയുള്ളൂ. ഒരു ചേച്ചീസ് ലൗ, വാത്‌സല്യം etc.....ആദ്യായിട്ടനുഭവിച്ചത് എന്‍റെ അഷിതേച്ചിടേന്നാണ്‌.


സ: രജീഷേട്ടന്‍:- പ്പൊ SFI തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം. University Senet Member. ഞാന്‍ ചേരുമ്പൊ പുള്ളി കോളേജില്‌ ചെയര്‍മാനാണ്‌. എനിക്കറിയില്ലാര്‍ന്നു. പണ്ടാരം തടിയൊക്കെ വെച്ച്‌ വല്യപ്രായം തോന്നിക്കുന്ന കോലം. കാമ്പയിനിങ്ങിന്‌ ക്ലാസില്‌ വരുമ്പൊ ഞാന്‍ ലക്‌ചര്‍സ്റ്റാന്‍റിന്‍റെ മോളില്‌ കേറിയിരുന്ന്‌ പഞ്ചാരയടിക്കുന്നു. ഒരു നോട്ടം. ബ്ലഡീഹെല്‍. ഞാന്‍ താഴെയെടത്തി. yനാരം കോളേജ്‌ വിട്ട് പോവുമ്പൊ അരമതിലില്‍ ഇരുന്നെന്നെ വിളിച്ച് "എന്തറാ നെലത്തൊന്നും നിന്നാപ്പോരേ...."കോളേജില്‍ എന്നെ മെരട്ടിയ ഒരേ ഒരാള്‍. ഇന്ന് ഏറ്റവും പ്രിപ്പെട്ട രജീഷേട്ടന്‍.
ഒരു മൂത്ത സഹോദരനോടുള്ള എല്ലാ സ്വാതന്ത്ര്യവും ഞാന്‍ കാണിക്കും. എന്തോ വല്ലാത്തൊരു സ്നേഹമാണങ്ങേരോട്. ഫസ്റ്റിയറിലെ D zone വേദിയില്‍ വെച്ച് K. S. U. ക്കാര്‍ ആക്രമിച്ചപ്പോള്‍ പ്രതികരിക്കാന്‍ കഴിയാതെ നോക്കി നിക്കേണ്ടി വന്നു. ഭാഗ്യം കൊണ്ടാണന്ന് രക്ഷപ്പെട്ടത്.
സ: അനൂപ്. P.B.: പ്പൊ S. F. I. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി. മേല്‍ പറഞ്ഞപോലത്തെ ഒരു സൗഹൃദം. എന്നോട് പലപ്പോഴും രാഷ്ട്രീയം പറയും. ഞാന്‍ തിരിച്ചും. അച്ഛ്‌നെ മൂപ്പര്‍ നേരത്തെ അറിയും. എന്നെ S. F. I ലേക്ക് വലിച്ചിടാന്‍ നോക്കിയതാ. 1 year-l. അന്നങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് ശ്രീകൃഷ്ണയിലെ സീനിയര്‍ S. F. I ക്കാര്‍ എന്ന സ്ഥാനം കിച്ചനോടൊപ്പം ഞാനും പങ്കിട്ടേനെ. ഈ നേരം കൊണ്ട് പത്ത് ക്രിമിനല്‍കേസേലും ഒത്തുവന്നേനെ.

സുര്‍ജിത്ത് അയ്യപ്പത്ത്: ആധുനിക മലയാള കവിതക്ക് രൂപം നല്‍കിയത് അയ്യപ്പപ്പണിക്കര്‌ മാഷാണ്‌. മാഷ് അടിയന്തിരാവസ്ഥക്കാലത്ത് എഴ്‌തിയ "കട്‌ക്ക" യിലെ ഒരു വരി:- "അടിച്ചല്ലേ പിടിച്ചല്ലേ കട്‌ക്ക ഞാന്‍ കുടിച്ചോളാം-അമ്മച്ചീ; കടുക്ക ഞാന്‍ കുടിച്ചോളാം". പക്ഷെ അടുത്തിടെ ആരോ പ്രസംഗിക്കുന്ന കേട്ടു. മലയാളത്തില്‌ ആധുനികത അയ്യപ്പപ്പണിക്കരേക്കാള്‍ മുമ്പ് കൊണ്ടന്ന മറ്റൊരു കവിയുണ്ടെന്ന്. മാധവന്‍ അയ്യപ്പത്ത് എന്നാണ്‌ പേര്‌. ഈ മാധവന്‍ അയ്യപ്പത്തിന്‍റെ മരുമോന്‍. സുര്‍ജി. ഞാന്‍ ചിലപ്പൊഴൊക്കെ അയ്യപ്പ സുര്‍ജി എന്ന് വിളിക്കും. ഗംഭീര പ്രാസംഗികനാണ്‌. Student Editor ആയിരിക്കെ "മൗനങ്ങള്‍ സ്വാതന്ത്ര്യമാകുന്നത്‌ - for the survival" എന്ന മാഗസിന്‌ കേരളത്തിലെ ഏറ്റവും നല്ല മാഗസിനവാര്‍ഡ് വാങ്ങിയ ആള്‍. "ഊഷരഭൂമിയിലൂടെ മരപ്പച്ചകള്‍ തേടിയുള്ള യാത്ര" എന്ന പ്രയോഗം സുര്‍ജിയുടേതാണ്‌. copy right ഉണ്ട്‌.

ബ്ലഡീ K Bai-----------ഇനി അല്‍പം ക്ലാസ് വിശേഷമാവാം---------------

ഫൈനാ ഫ്രാന്‍സിസ്: സ്വകാര്യമായി ഞന്‍ ഫിഫി എന്ന് വിളീക്കും. ഞാന്‍ മാത്രം. ഒരിക്കലും നേരിട്ട് വിളിച്ചിട്ടില്ല. ദൈവമേ എന്നെയും ഇങ്ങനെയാക്കണേന്ന്‌ ഞാനൊരുപാട് പ്രാര്‍ഥിച്ചിട്ടുണ്ട്. വല്ലാത്തൊരു attraction. പെണ്ണെന്ന വഴിക്കല്ല. ഫൈനാടെ മുന്നില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കണം എന്ന് ഞാനാഗ്രഹിച്ചിരുന്നു. കോളേജില്‍ ഫൈന ചൂടായ ഏക വ്യക്തി ഞാനായിരിക്കും. എന്തോ ഒരു ചെറിയ സംഭവം.
वैसे मेरे और उसके बीच में खून का कोयी रिश्ता नही हे!
पर एक रिश्ता हे ! दिलका का रिश्ता ! वो भी बहुत गहरा.....!

പേര്‌ ലക്ഷ്മി. വീട്ടില്‌ ശിഖ. നെറ്റില്‌ ശിഖ.എം റോയ് @gmail.com. ആദ്യം അനിയനായത്‌ അഷിതേച്ചീടെ മുന്നിലാച്ചാല്‍ ആഗ്രഹിച്ചതുപോലെ ഏട്ടനായത്‌ ലക്ഷ്മീടെ മുന്നിലാണ്‌. എന്‍റെ ഉണ്ണീടടുത്ത് ഞാനൊരു ചേട്ടനാണ്‌. ന്നാലും its a different thing to be the Ettan of a sister.

Dearest KBai - ലക്ഷമിയെപ്പറ്റി ഞാന്‍ നേരിട്ട്‌ തന്നെ പറയാം. അത്‌ അങ്ങനെ എഴ്‌താന്‍ പറ്റണില്ല.

There is something that we cant express in words. And you cant express everything in words. So please.....

അടുത്തിടെ അയച്ച Emailല്‍ അവളെന്നെ Bhaiya....എന്ന് വിളിച്ചു. എനിക്കല്‍പ്പം ദേഷ്യം വന്നു.
I wrote.
Hey Lakshmi who is bhaiya!
mole....call me just Etta
thats more fare and fair.
I dont have many to call me Etta.
Of course my unni calls me something which may can mean it.
But largely it depends on his mood. And its my privilege to be called so by someone. I love to my heart and soul....
Reply അപ്പൊ തന്നെ വന്നു.
Well അതൊക്കെ പിന്നീടു കാണിക്കാം.

* * * *
Bloddy KBai
എഴുതി തീരാത്ത കുറെ വിശേഷങ്ങള്‍ ഇനീംണ്ട്‌. ഇപ്പൊ സമയം തികയില്ല. ബാക്കി അടുത്ത Episodeല്‍ ആവട്ടെ.
അതുവരെ ഒരു ചെറിയ commercial break.

-ഇടവേള-

(തുടരും).....
പ്രശാന്ത്

ജനല്‍ തുറന്നിട്ട് പുറത്തേക്ക് നോക്കൂ....
ഓലവേലിക്കപ്പുറം മാന്തളിരിലകള്‍ക്കിടയിലൂടെ രണ്ട്..........ആഹഹഹ.........
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദ രസത്തെ ......

ന്നാല്‍ ശരി....കുറച്ചീസം കഴിഞ്ഞ് നോം ആ വഴിക്കൊക്കെ വരണ്ട്. അകായിലുള്ളോരേം കൂട്ടി കുളിപ്പാന്‍തര.......