വിദൂരങ്ങളിലെവിടെയോ മാഞ്ഞു പോയ എന്‍റ ബാല്യത്തിനു......

14 January 2011

ഒരിക്കല്‍. . . . .



എല്‍ബൊ ക്രച്ചസിന്‍മേല്‍ ഊന്നി കാടുപിടിച്ച പള്ളികാട്ടിലേക്ക് കയറി. സിയാറത്ത് ചെയ്യാന്‍വരുന്നവരുടെ കാല്‍പാദമേറ്റ് ഉറച്ച നടവഴിയുടെ ഇരുവശത്തും വളര്‍ന്നു നില്‍ക്കുന്ന കറുകപുല്ലിന്‍റേയും തൊട്ടാവാടിയുടെയും ഇടയില്‍ മീസാന്‍കല്ലുകള്‍ കഴിഞ്ഞുപോയ കാലങ്ങളുടെ കഥകള്‍ നിശ്ശബ്ദ്ദമായി പേറുന്ന പ്രതീകങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നു.

"അതാണിവിടുത്തെ ഏറ്റവും പഴയ ഖബര്‍..." ഖബര്‍സഥാനിലേക്ക് കയറുന്ന ഭാഗത്തെ മീസാന്‍കല്ല് ചൂണ്ടി കലാം പറഞ്ഞു. കാല പഴക്കം കൊണ്ടാവണം ആ കല്ലിന്‍റെ അരികെല്ലാം തേഞ്ഞുപോയതുപോലെയിരിക്കുന്നു. പൊന്തകാടുകള്‍ക്കിടയില്‍ നിന്നും ചീവിടുകളുടെ കരച്ചില്‍.

പള്ളിയുടെ അടുത്തുള്ള വീവുത്താടെ വീട്ടില്‍ നിന്ന് വാങ്ങിയ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ഞങ്ങള്‍ പതുക്കെ മുന്നോട്ട് നീങ്ങി. പനിച്ചോത്തിന്‍റെ മുള്ളുകള്‍ ഉടുക്കി ഉടുത്തിരിക്കുന്ന മുണ്ട് ആരോ പിന്നോട്ട് വലിക്കുന്നതു പോലെ. മുള്ളുകള്‍ക്കിടയില്‍ നിന്നും തുണി വേര്‍പ്പെടുത്തി നിവര്‍ന്നപ്പോള്‍ ഹക്കീം അവന്‍റെ ഉപ്പാടെ ഖബറിങ്ങല്‍ക്ക് എത്തിയിരിക്കുന്നു. ഇരുട്ടിലേക്ക് ടോര്‍ച്ചടിച്ച് കലാം പരിചയമുള്ളവരുടെ ഖബറുകള്‍ കാട്ടി തന്നു.
"എവിടെയാട അസറൂന്‍റേത്.........?"

"അതപ്രത്താ"

ഹക്കീമിന്‍റെ അടുത്തെത്തിയപ്പോള്‍ ഉപ്പാക്ക് സലാം ചൊല്ലാന്‍ അവന്‍ പറഞ്ഞു.

"നോക്കിക്കൊ സലാം ചൊല്യാ ഇല അനങ്ങണത്...!" ഖബറിന്‍റെ തലക്കല്‍ വച്ചിട്ടുള്ള മൈലാഞ്ചി ചെടിയില്‍ നോക്കി ഹക്കീം ഞങ്ങളോട് പറഞ്ഞു. റഷ്യയിലെ ത്വര്‍സ്റ്റേറ്റ് മെഡിക്കല്‍ അക്കാഡമിയില്‍ നിന്ന് ബിരുദം നേടിയ ഒരു ഡോക്ടര്‍ അത് പറഞ്ഞപ്പോള്‍ കൗതകമാണ്‌ തോന്നിയത്. മൂകമായി സലാം പറയുമ്പോള്‍ നെറ്റിയുടെ ഇരുവശവും മുടി കയറി, തടിച്ച ശരീരപ്രകൃതിയുള്ള പരീത്‌മൂത്താപ്പടെ രൂപമായിരുന്നു മനസ്സില്‍. ഉപ്പാടെ രണ്ടാമത്തെ ജേഷ്ട്ടന്‍ പരീത്ഹാജി........
ആ നാട്ടുവെളിച്ചത്തില്‍ ഇരുണ്ട മൈലാഞ്ചിയിലകള്‍ കാറ്റത്ത് പതുക്കെ ഇളകി...... ദുഅക്കിടയിലുള്ള ആ കനത്ത നിശ്ശബ്ദത, ഒരു കാലത്ത് ശബ്ദകോലാഹങ്ങള്‍ക്കിടയില്‍ തിരക്കിട്ട് ജീവിച്ചിരുന്ന ഒരു പറ്റം ആളുകളുടെ മങ്ങിയ ചിത്രങ്ങള്‍ സ്മൃതിയില്‍ വെളുത്ത രൂപങ്ങളായി കോറിയിട്ടു.............
മുടി മുഴുവനായി വടിച്ചു കളഞ്ഞ തലയില്‍ വെള്ളഷാള്‍ ‍കൊണ്ടുള്ള തലക്കെട്ടും വെള്ളഷര്‍ട്ടും മടക്കികുത്തിയ വെള്ളമുണ്ടും ധരിച്ച് മുമ്പോട്ട് മടക്കി പിടിച്ച കൈതണ്ടയുടെ ഇടയില്‍ പൂവന്‍പഴത്തിന്‍റെ പൊതിയുമായീ, വഴിയില്‍ കാണുന്നവരോടെല്ലാം കളിതമാശകള്‍ പറഞ്ഞു ധൃതിയില്‍ നടന്നു നീങ്ങുന്ന ആലിക്ക.....യാത്രകള്‍ ഒരുപാട് ഇഷ്ട്ടപെട്ടിരുന്ന മനുഷ്യന്‍. യൗവനകാലത്ത് കൊളമ്പില്‍ പോയി അധ്വാനിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ആണ്‍മക്കള്‍ കാലമായപ്പോള്‍, നാട്ടില്‍ തിരികെ വന്ന് അവര്‍ വാങ്ങികൂട്ടിയ ഭൂസ്വത്തുക്കള്‍ നോക്കി നടത്തി. തൃശ്ശൂരും പാലക്കാടും മറ്റുമുള്ള മക്കളുടെ വീടുകളിലേക്കുള്ള യാത്രകളീലായിരിക്കും മിക്കപ്പോഴും. ഈ യാത്രകളില്‍ തന്‍റെ അരയില്‍ കെട്ടിയിട്ടുള്ള അരപട്ടയില്‍ നിന്നും ധാരാളാം പണം പോക്കറ്റടിച്ചു പോയിട്ടുണ്ടത്രെ. വര്‍ഷങ്ങ‍‍ള്‍ക്ക് മുമ്പ് പേര്‍ഷ്യയിലേക്ക് യാത്രതിരിച്ച് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മനസ്സ് മാറി തിരികെ നാട്ടിലെക്ക് വണ്ടി കയറിയ ചരിത്രമുണ്ട് ഇദ്ദേഹത്തിന്‌. "ന്താ ന്‍റെ കുട്ട്യേ" എന്ന് പറഞ്ഞ് സ്നേഹം പ്രകടിപ്പിച്ചിരുന്ന ഒരു പാവം മനുഷ്യന്‍.

കണ്ണീലെ കൃഷ്ണമണിപോലെ സൂക്ഷിക്കുന്ന നിലം തമിഴരെകൊണ്ട് പണിയെടുപ്പിക്കുന്ന കാര്യം പറഞ്ഞ്, ഭക്ഷണം കഴിക്കുന്ന കെട്ടിയവന്‍റെ അടുത്ത് പോയി വക്കാണം കൂടുന്ന, നാട്ടിലെ വറുതി കാലത്ത് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും 'പൈക്കനേന്‍' വിളമ്പി ഒരുപാട് പേരുടെ വിശപ്പ് മാറ്റിയ ഐഷകുട്ടിയുമ്മ. കുട്ടികളുടെ ശീലക്കേട് മാറ്റാന്‍ മോന്തി സമയങ്ങളില്‍ മന്ത്രിചൂതിപ്പിക്കാന്‍ ഉപ്പുമായെത്തുന്ന ആ നാട്ടിലെ സ്ത്രീകള്‍ക്ക് ഇവര്‍ ഐസുട്ത്തയായിരുന്നു.
"കെബിഭായ് ഇതാണ്‌ ബാബുക്കാടെ ഖബര്‍......" ഒരുപാട് മീസാന്‍ കല്ലുകള്‍ക്കിടയിലേക്ക് ടോര്‍ച്ചടിച്ച് കലാം എനിക്ക് കാട്ടി തന്നു. ബാബുക്ക........ഒരുപക്ഷെ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ സമൂഹത്തിന്‍റെ ഉന്നത നിലയില്‍ എത്തേണ്ടിയിരുന്ന ആള്‍......ഇപ്പോള്‍ ഇവിടെ തനിച്ച് ആരോരുമില്ലാതെ.....! ദുബായ് ഡിഫന്‍സില്‍ വാറന്‍റ് ഓഫീസറായിരുന്ന, ലഹരിയുടെ പിടിയില്‍ അമര്‍ന്ന് ഉയരങ്ങളിലേക്കുള്ള പാതയുടെ ഇടയില്‍ വച്ച് തളര്‍ന്നു വീണ ഒട്ടേറെ കഴിവും സാമര്‍ത്ഥ്യവും ഉണ്ടായിരുന്ന ബാബുക്ക.....
പരുമൂത്താപ്പാടെ ഖബറിങ്ങല്‍ നിന്നും തിരിച്ച് നടക്കുമ്പോള്‍ ഹക്കീമിന്‍റെ മുഖം മ്ലാനമായിരുന്നു. പടിഞ്ഞാറ്, തെക്ക് വടക്കായി ഒഴുകുന്ന കനോലി കനാലിന്‍റെ കരയിലൂടെ നടന്നു നീങ്ങി മറഞ്ഞ് പോയി ഒടുവില്‍ കള്ളലാഞ്ചി കയറി "പേര്‍ഷ്യയില്‍" എത്തിയെന്ന വിവരത്തിന്‌ കത്തിട്ട് ഉമ്മാടെ ആധി മാറ്റിയ ഈ ദേശത്തെ ആദ്യത്തെ പ്രവാസിയായ പരീത്. ഉയര്‍ച്ചയും താഴ്ച്ചയും വളരെ പെട്ടന്നായിരുന്നു എല്ലാവരും ഹാജ്യേര്‌ എന്ന് വിളിക്കുന്ന പരീതിന്‌. അങ്ങനെ ഒരു പിടി ചിത്രങ്ങള്‍......
"പുതുവീട്ടില്‍ അഷറഫ്" ടോര്‍ച്ചിന്‍റെ വെളീച്ചത്തില്‍ വാര്‍പ്പിന്‍റെ മീസാന്‍ കല്ലില്‍ ആ പേര്‌വായിച്ചപ്പോള്‍ ഓര്‍മ്മകള്‍ വീണ്ടും ഒരു സര്‍പ്പത്തിന്‍റെ പത്തിപോലെ ഉയര്‍ന്നു വന്നു. കെബിഭായെ എന്ന് വിളിച്ച് അടുത്ത് വന്നിരുന്ന് വിശേഷങ്ങള്‍ പറയുന്ന അഷറഫ്. ജിമ്മില്‍ പോയി ചെറുതായി പൊന്തിയ സ്വന്തം മാറിടത്തില്‍ കൈപത്തികൊണ്ട് പതുക്കെ അടിച്ച് ഉറപ്പ് നോക്കുന്ന ചുരുണ്ട മുടിയുള്ള, ഞങ്ങള്‍ 'വെള്ള അസറു' എന്ന് വിളിക്കുന്ന ആ ഇരുപത്തിമൂന്നുകാരന്‍.....

ഒടുവില്‍ ആ പള്ളികാട്ടില്‍ നിന്നും ഇറങ്ങി വീവുത്താടെ ടോര്‍ച്ച് മടക്കി കൊടുത്ത് മടങ്ങുമ്പോള്‍ പള്ളിയുടെ കിഴക്ക് ഭാഗത്തുള്ള വീടിന്‍റെ പൂമുഖത്തിരിക്കുന്ന ആത്തിക്കാത്താനെ കണ്ടു.


*********************************

കാറിലിരുന്ന് ഏകാദശിയുടെ തിരക്കിലേക്ക് നോക്കി. ഹക്കീം കരിമ്പിന്‍റെ വില ചോദിച്ച് ഒരു കള്ളിമുണ്ടുകാരന്‍റെ അടുത്ത് നില്‍ക്കുന്നു. ഉത്സവത്തിമിര്‍പ്പില്‍ ചെത്തിനടക്കുന്ന യുവത്വങ്ങള്‍. വെയിറ്റടിക്കാന്‍ പോയി ഇറുകിയ ടീഷര്‍ട്ടുകള്‍ക്കിടയില്‍ ഷേപ്പ് വരുത്തിയ ബോഡിയുമായി ഇന്നിന്‍റെ തലമുറകള്‍ ഉയര്‍ന്ന മാറിടങ്ങളില്‍ ‍കൈപത്തികൊണ്ട് ഉറപ്പ്‌ നോക്കുന്നു. ടോര്‍ച്ചിന്‍റെ മങ്ങിയ വെളിച്ചത്തില്‍ തെളിയുന്ന മീസാന്‍കല്ല്.....

പുതുവീട്ടില്‍ അഷറഫ്
ജനനം . . . . . . . . . .



വേലിക്കിടയിലൂടെ കാണുന്ന പൂമുഖം. മരിച്ച മകന്‌ ഖത്തം ഓതുന്ന ആത്തിക്കാത്ത......




2 comments:

  1. well
    i would call this a better work
    perhaps the best from your pen
    read arabipponnu and ummaachu again and again
    your language is improving
    keep reading
    I LOVE THIS WORK
    as always from k bai
    this too is NOSTALGIC

    ReplyDelete