വിദൂരങ്ങളിലെവിടെയോ മാഞ്ഞു പോയ എന്‍റ ബാല്യത്തിനു......

28 July 2011

എന്നോട് മിണ്ടാത്ത ഉണ്ണ്യേട്ടന്


"ടാ.... രതീഷേ, ഉണ്ണിയെ ഒരാഴ്ച്ചയായല്ലൊ കണ്ടിട്ട്" ഫേസ്ബുക്കിലെ ചാറ്റിങ്ങിനിടയില്‍ മിനി രതീഷിന് മെസേജ് വിട്ടു.
"അവനെന്തിങ്കിലും തിരക്കായി കാണും...ഇടക്കുള്ളതാണല്ലൊ ഈ മുങ്ങല്‍"
"എന്നാലും ഒരാഴ്ച്ചയൊന്നും ഉണ്ണിക്ക് നമ്മളെ കാണാതെ ഇരിക്കാന്‍ പറ്റില്ലാടാ.....എന്തിനാണാവോ ഇത്തവണ പിണങ്ങിയിരിക്കുന്നത്....? നീയൊന്ന് ഫോണ്‍ വിളിച്ചു നോക്ക്"
"ഞാന്‍ വിളിച്ചിരുന്നു മിനീ....മൊബൈല്‍ സ്വിച്ചോഫ് ആണ്..."
Break time കഴിഞ്ഞപ്പോള്‍ രതീഷ് സൈന്‍ഔട്ട് ചെയ്തു വെളിയിലേക്ക് ഇറങ്ങി.
50 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളില്‍ തിളക്കുന്ന ദുബായി നഗരത്തിലെ ഒരു ഫ്ലാറ്റിലിരുന്ന് മിനി ഉണ്ണിയുടെ പ്രൊഫൈലിലേക്ക് കയറി. ഇല്ല....ഒരനക്കവുമില്ല. ഒരാഴ്ച്ചയോളമായി അവിടെ നിശ്ചലമാണ്‌. മിക്ക സമയവും ഫേസ്ബുക്കില്‍ ആക്റ്റീവായ ഉണ്ണിക്കിതെന്തു പറ്റി.....
ഫേസ്ബുക്ക്-ലെ അവരുടെ ഗ്രൂപ്പുകളില്‍ കയറിയിറങ്ങിയെങ്കിലും തനിക്കറിയാവുന്ന ഒരാളും ഓണ്‍ലൈനില്‍ ഇല്ലാത്തതിനാല്‍ മിനി കമ്പ്യൂട്ടര്‍ ഓഫ് ചെയ്‌ത് ബാല്‍ക്കണിയില്‍ പോയി നിന്ന് നഗരത്തിലെ തിരക്കിലേക്ക് നോക്കി.
ദൂരെ ഷെയിക്ക് സായിദ് റോഡിലൂടെ സൈറണ്‍ മുഴക്കി ഒരു ഫയര്‍ എന്‍ജിന്‍ പോകുന്ന ശബ്ദം.
ജോസ് ഡ്യൂട്ടി കഴിഞ്ഞെത്താന്‍ 7 മണിയാകും.
മണിമോള്‍ ഡാണ്‍സ് ക്ലാസിന്‌ പോയിരിക്കുന്നു.
ബിന്ദുചേച്ചി അനിയന്‍റെ കല്യാണമായതിനാല്‍ നാട്ടിലേക്ക്‌ പോയി. അല്ലെങ്കില്‍ ബിന്ദുചേച്ചിക്കു വിളിക്കാമായിരുന്നു.
തനിച്ചിരിക്കുമ്പോള്‍ ഒരാശ്വസമായിരുന്നു ഉണ്ണിയുമായുള്ള ചാറ്റിങ്ങ്. ചാറ്റിങ്ങിനിടയില്‍ പല വിഷയങ്ങളും കടന്നു വരും. കഥയും കവിതകളും നാട്ടിലെ വിശേഷങ്ങളും നാട്ടിലെ വിഷേഷങ്ങളും...അങ്ങനെ പലതും.....ശരിക്കും പറഞ്ഞാല്‍ സഹോദരന്‍മാര്‍ ഇല്ലാത്ത തനിക്ക് ഒരു സഹോദരനായിരുന്നു ഉണ്ണി. ഉണ്ണി വഴിയാണ്‌ രതീഷിനെ പരിചയമായത്‌. ഉണ്ണി ഗുരുവായൂരും രതീഷ് കോഴിക്കോടും. രതീഷ്‌ ഇവിടെ ഷാര്‍ജയില്‍ എത്തിയിട്ട് 4 വര്‍ഷം കഴിഞ്ഞത്രെ. ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ജോസിനോട് പറഞ്ഞിട്ടുണ്ട് രണ്ടു പേരെ കുറിച്ചും. നാട്ടില്‍ പോയാല്‍ പാലയൂര്‍ പള്ളിയിലേക്ക് പോകുമ്പോള്‍ ഉണ്ണിയെ കാണാന്‍ പോകണം. പാലയൂരടുത്താണത്രെ ഗുരുവായൂര്‌.
മിനി ഫേസ്‌ബുക്ക് വീണ്ടും ഓപ്പണ്‍ ചെയ്തു. രതീഷിന്‍റെ ഒരു മസേജ് വന്നു കിടപ്പുണ്ട്.
"ഉണ്ണിക്ക് മസേജ് വിട്ടിട്ടുണ്ട്"
മിനി ഉണ്ണിയുടെ പ്രൊഫൈലില്‍ കയറി വോളില്‍ കുറിച്ചിട്ടു-
"എന്നോട് മിണ്ടാത്ത ഉണ്ണ്യേട്ടന്‌"
ഒരു വര്‍ഷം മുമ്പാണ്‌ തനിക്ക് ഉണ്ണിയുടെ ഫ്രണ്‍ഡ് റിക്വസ്റ്റ് വന്നത്
ഉണ്ണിയുടെ മറ്റൊരു പ്രൊഫൈലില്‍ നിന്ന്‌....കുഞ്ഞുണ്ണിമാഷ്, ഇതായിരുന്നു ആ പ്രൊഫൈല്‍. ആ പേര്‌ കണ്ടപ്പോള്‍ താന്‍ പെട്ടന്ന് സ്വീകരിച്ചു.
ഒരു "hai" -ല്‍ തുടങ്ങി. പിന്നീട് മണിക്കൂറോളം നീണ്ട ചാറ്റിങ്ങുകള്‍.. ഇതിനിടയില്‍ രതീഷും ബിന്ദുചേച്ചിയും അഞ്ചുവും സന്ദീപും കടന്നു വന്നു....എല്ലാവരുമായി ഒരു ആത്മബന്ധം വളരുകയായിരുന്നു. പലനാടുകളിലാണെങ്കിലും ഒരേ വീട്ടില്‍ കഴിയുന്ന പ്രതീതി. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങള്‍ പരസ്പരം കൈമാറി. കോളേജ് തുറന്നതില്‍ പിന്നെ സന്ദീപും അഞ്ചുവും ഒഴിവു ദിവസങ്ങളില്‍ മാത്രമെ ഓണ്‍ ലൈനില്‍ വരാറുള്ളു. രതീഷ് ഡ്യൂട്ടിക്കിടയിലുള്ള ബ്രേക്കിനിടയില്‍ മസേജ് വിടും. ഓണ്‍ ലൈനില്‍ മിക്കപ്പോഴും ഉണ്ണിയും ബിന്ദുചേച്ചിയും ഉണ്ടായിരിക്കും. വൈകുന്നേരമായാല്‍ എല്ലാവരും ഒത്തു ചേരും ഗ്രൂപ്പ് ചാറ്റിങ്ങില്‍. പരസ്പരം കളിയാക്കിയും തമാശകള്‍ പറഞ്ഞും. നേരം പോകുന്നത് അറിയില്ല. മനസ്സിലെ വിഷമങ്ങള്‍ മറക്കുന്നതും. ഒരു ദിവസം പരസ്പരം കണ്ടില്ലെങ്കില്‍ എല്ലാവര്‍ക്കും വിഷമമാകും.
ഉണ്ണിക്ക് എന്തു പറ്റി.....!
മിനി, ഉണ്ണി തനിക്ക് ടാഗ് ചെയ്ത ചിത്രങ്ങളും കവിതകളും കഥകളും വെറുതെ ഓപ്പണ്‍ ചെയ്‌തു നോക്കി.
ഉണ്ണി ആദ്യമൊന്നും താന്‍ ആരാണെന്ന് വെലിപ്പെടുത്തിയിരുന്നില്ല. 'കുഞ്ഞുണ്ണിമാഷ്' എന്ന മൂടുപടത്തില്‍ മറഞ്ഞു നിന്നു. എല്ലാവരും പരസ്പരം അടുത്തപ്പോല്‍ പരസ്പരം വിവരങ്ങള്‍ കൈമാറിയപ്പോള്‍ തന്‍റെ യഥാര്‍ത്ഥ പ്രൊഫൈലില്‍ നിന്നും ഉണ്ണി എല്ലാവര്‍ക്കും ഫ്രഡ്റിക്വസ്റ്റ് വിടുകയായിരുന്നു
കുഞ്ഞുണ്ണി എന്ന പ്രൊഫൈല്‍ തമാശക്ക് ഓപ്പണ്‍ ചെയ്തതാണത്രെ. കണ്ണില്‍ കണ്ട എല്ലാവര്‍ക്കും ഫ്രഡ്റിക്വസ്റ്റ് വിട്ടു. അതിലൊന്ന് തനിക്കും.
മിനി നെറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉണ്ണിയുടെ മൊബൈലിലേക്ക് വിളിച്ചു.
"The number you have dialed either switched off or out of coverage area. please try after sometime"

പലപ്പോഴും ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഉണ്ണിയുമായി വഴക്കിട്ടിട്ടുണ്ട്. ഒന്നു രണ്ടു പ്രാവശ്യം തന്നെ ഫേസ്ബുക്കില്‍ ബ്ലോക്ക്ചെയ്യുകപ്പോലും ഉണ്ടായി. അന്ന് രതീഷ് ഇടപ്പെട്ടാണ്‌ തങ്ങളുടെ പിണക്കം തീര്‍ത്തത്. ഇത്തവണ പിണങ്ങിയത് എന്തിനാണാവോ....? ബിന്ദുചേച്ചി നാട്ടിലെത്തിയാല്‍ ഉണ്ണിക്ക്‌ വിളിക്കുമെന്ന്‌ പറഞ്ഞിരുന്നു. ചേച്ചി, ഉണ്ണിക്ക്‌ വിളിച്ചിരിക്കുമോ? ചേച്ചിക്ക് വിളിച്ചു നോക്കാന്‍ തന്‍റെ കയ്യില്‍ നമ്പറുമില്ല. ഉണ്ണിയുടെ അനിയന്‌ ഒന്ന്‌ മസേജ് വിട്ടു നോക്കിയാലോ....
തന്നെ കുറിച്ച് അനിയനോട് പറഞ്ഞിട്ടുണ്ടെന്ന് മുമ്പ് ഉണ്ണി പറഞ്ഞിരുന്നു
മിനി ഉണ്ണിയുടെ ഫ്രണ്ട് ലിസ്റ്റില്‍ കയറി.
ഹരി.....ഇതു തന്നെയല്ലെ ഉണ്ണിയുടെ അനിയന്‍....
അതെ, ഉണ്ണിയുടെ അതേ ഛായ.
"ഹരി, ഞാന്‍ ഉണ്ണിയുടെ ഫ്രണ്ട് ആണ്‌. ഒരാഴ്ച്ചയായി ഉണ്ണിയെ കുറിച്ച് ഒരു വിവരവുമില്ല. ഈ മസേജ് കാണുകയാണെങ്കില്‍ ഉണ്ണിയോട് ഓണ്‍ലയിനില്‍ വരാനോ എനിക്ക് ഒന്ന്‌ മസേജ് അയക്കാനോ പറയാമോ"
"മമ്മീ... ചോറ് തായോ മമ്മീ...."
ഡാന്‍സ് ക്ലാസ്‌ കഴിഞ്ഞെത്തിയ മണിമോള്‍ വിശന്നപ്പോള്‍ ബഹളം വച്ചു തുടങ്ങി. കമ്പ്യൂട്ടര്‍ ഓഫ് ചെയ്തു മിനി മണിമോള്‍ക്ക് ചോറ് കൊടുക്കാനായി കിച്ചനില്‍ കയറി.
മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടാണ്‌ മിനി കണ്ണു തുറന്നത്.
നാട്ടില്‍ നിന്നാണല്ലോ....
"ഹലോ..."
"മിനി....ഇതു ഞാനാ...ബിന്ദു"
"എന്താ ചേച്ചി ഒരു വിവരവുമില്ലാലോ....നാട്ടിലെത്തിയപ്പോള്‍ ഞങ്ങളെ എല്ലാവരെയും മറന്നോ...."
"ഇല്ല മോളേ....ഞാന്‍ കല്യാണത്തിന്‍റെ തിരക്കില്‍ പെട്ടു. അതു കൊണ്ടാ ആര്‍ക്കും വിളിക്കാത്തെ. എന്താ പുതിയ വിശേഷം. ജോസും മണിമോളും എന്തു പറയുന്നു. ഓണ്‍ലൈനില്‍ എല്ലാവരും വരാറില്ലേ...."
എല്ലാവര്‍ക്കും സുഖം ചേച്ചീ....നമ്മുടെ ഉണ്ണിയെ കുറിച്ച് ഒരാഴ്ച്ചയായി ഒരു വിവരവുമില്ല....'
"മിനീ, ഞാന്‍ അവന്‍ തന്ന നമ്പറിലേക്ക് വിളിച്ചു നോക്കിയിരുന്നു.... സ്വിച്ചോഫ് ആണ്‌. എന്താ അവന്‍ വീണ്ടും പിണങ്ങിയോ...?"
"ഇല്ല ചേച്ചീ...."
"ശരി മോളേ.....ഞാന്‍ പിന്നീട് വിളിക്കാം....ഏട്ടന്‍ വിളിക്കുന്നു...."
"O.K. ചേച്ചീ...."
മണിമോള്‍ നല്ല ഉറക്കത്തിലാണ്‌...ജോസ് വരാറായി
മിനി കമ്പ്യൂട്ടര്‍ ഓണ്‍ ആക്കി.
ഫേസ്ബുക്ക് തുറന്നപ്പോള്‍ ഒരു മസേജ് കിടക്കുന്നു.
ഹരിയുടേതാണ്‌
"ഉണ്ണ്യേട്ടന്‍ മരിച്ചു....ഇന്നലെ സഞ്ജയനമായിരുന്നു"

No comments:

Post a Comment